പെരിയ കേസ് : സിബിഐയെ എതിര്‍ക്കാന്‍ ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ ഇറക്കി സര്‍ക്കാര്‍, ഒറ്റത്തവണയ്ക്ക് 25 ലക്ഷം രൂപ പ്രതിഫലം ; സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കാതെ ഹൈക്കോടതി

കുറ്റപത്രത്തില്‍ പോരായ്മയുണ്ട്. ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ വാളുകൊണ്ട് വെട്ടിയ മുറിവ് എങ്ങനെ തലയില്‍ വരുമെന്ന് കോടതി
പെരിയ കേസ് : സിബിഐയെ എതിര്‍ക്കാന്‍ ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ ഇറക്കി സര്‍ക്കാര്‍, ഒറ്റത്തവണയ്ക്ക് 25 ലക്ഷം രൂപ പ്രതിഫലം ; സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കാതെ ഹൈക്കോടതി

തിരുവനന്തപുരം : പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് പ്രതിഫലം 25 ലക്ഷം രൂപ. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനാണ് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.  ഫീസ് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ അഡ്വക്കറ്റ് ജനറല്‍ ഹാജരാക്കിയ കത്ത് കണക്കിലെടുത്ത് ഇന്നലെത്തന്നെ ആഭ്യന്തര വകുപ്പ് (എം വിഭാഗം) ശരവേഗത്തില്‍ പണം അനുവദിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.

പെരിയ ഇരട്ടകൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. എന്നാല്‍ രഞ്ജിത്ത് കുമാര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിട്ടും പെരിയ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് സ്‌റ്റേ അനുവദിച്ചില്ല.കുറ്റപത്രത്തില്‍ പോരായ്മയുണ്ട്. സര്‍ക്കാര്‍ വാദം മാനിച്ച് തിങ്കളാഴ്ച കേസില്‍ വാദം കേള്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ വാളുകൊണ്ട് വെട്ടിയ മുറിവ് എങ്ങനെ തലയില്‍ വരുമെന്ന് വാദത്തിനിടെ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചിരുന്നു. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേസില്‍ ശരിയായ അന്വേഷണം നടത്തിയോയെന്നും കോടതി ചോദിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിചാരണകോടതി പോലെയാണ് പെരുമാറിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. തെളിവുകളുടെ പരിശോധന നടത്തേണ്ടത് വിചാരണ വേളയിലാണെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് ഏറ്റെടുത്തെങ്കിലും കേസ് ഡയറി ലഭിക്കാത്തതിനാല്‍ അന്വേഷണം തുടങ്ങാനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായതായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ വാദിക്കാനാണ് രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലായിരുന്നു സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ രഞ്ജിത് കുമാര്‍.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. ഇതു രാഷ്ട്രീയ കൊലപാതകമാണെന്നും വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള കൊലയല്ലെന്നും കോടതി വിലയിരുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ ഉത്തരവിട്ടത്.

രാഷ്ട്രീയ സമ്മര്‍ദത്തില്‍ പൊലീസിനു നിഷ്പക്ഷമായി അന്വേഷിക്കാനായോ എന്നു സംശയമുണ്ടെന്നു കോടതി നിരീക്ഷിച്ചു. പെരിയ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന ആരോപണം ശരിയാകാന്‍ സാധ്യതയുണ്ടെന്നും, അല്ലെങ്കില്‍ പ്രതികളായ പീതാംബരന്‍, ജിജിന്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരെ ഉദുമയിലെ പാര്‍ട്ടി ഓഫിസിലേക്ക് മാറ്റിയതെന്താണെന്നും കോടതി ചോദിച്ചിരുന്നു. മുന്‍പ് ഷുഹൈബ് കൊലക്കേസ് സിബിഐക്കു വിടുന്നതിനെതിരെ വാദിക്കാന്‍ 50 ലക്ഷം രൂപ മുടക്കിയാണ് സര്‍ക്കാര്‍ അഭിഭാഷകനെ ഇറക്കുമതി ചെയ്തത്. വാളയാറിലെ പെണ്‍കുട്ടികളുടെ പീഡനമരണക്കേസില്‍ പ്രോസിക്യൂഷന്‍ ശരിയായി വാദിക്കാതെ പ്രതികളെ വെറുതെ വിടാന്‍ സാഹചര്യം ഉണ്ടായത് വിവാദമായതിനിടെയാണ്, പെരിയയിലെ രാഷ്ട്രീയക്കൊലയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വന്‍തോതില്‍ പണം നല്‍കി അഭിഭാഷകനെ നിയോഗിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com