ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐക്ക് ?; എതിര്‍പ്പില്ലെന്ന് ഡിജിപി

ബാലഭാസ്‌കറിന്റെ അപകടത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക അപകടമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
balabhaskar
balabhaskar

തിരുവനന്തപുരം : പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയേക്കും. അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ പൊലീസിന് എതിര്‍പ്പില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ അറിയിക്കും. ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവുമായി അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് പൊലീസിന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിക്കുന്നത്. 

ബാലഭാസ്‌കറിന്റെ അപകടത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക അപകടമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അന്വേഷണസംഘവുമായി ഡിജിപി നടത്തിയ അവലോകനയോഗത്തില്‍, ക്രൈംബാഞ്ച് നിഗമനം ബെഹ്‌റ അംഗീകരിച്ചു. ബാലഭാസ്‌കറിന്റെ കുടുംബം മുന്നോട്ടുവെച്ച എല്ലാ സംശയങ്ങളും ആരോപണങ്ങളും അന്വേഷിച്ചിരുന്നതായും, അപകടത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സംഘം വിശദീകരിച്ചു. 

എന്നാല്‍ ബാലഭാസ്‌കറിന്റെ മരണം സ്വാഭാവിക അപകടമാണെന്ന് കുടുംബം വിശ്വസിക്കുന്നില്ല. കേസില്‍ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഉന്നതതലയോഗം എത്തിച്ചേരുകയായിരുന്നു. ചില സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് അര്‍ജുന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ബാലഭാസ്‌കര്‍ മരിച്ചതോടെ മൊഴി മാറ്റിയത് ഏറെ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com