തന്റെ നേര്‍ക്ക് സുഹൃത്തിനെ കൊണ്ട് ബോംബ് എറിയിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി, ബിജെപിയെ കുടുക്കാന്‍; കള്ളക്കഥ പൊളിച്ച് പൊലീസ് 

സിപിഎം-ബിജെപി പേര് നിലനില്‍ക്കുന്ന ഇവിടെ ബിജെപി പ്രവര്‍ത്തകരെ കുടുക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു നീക്കമെന്ന് മാഹി പൊലീസ് പറയുന്നു
തന്റെ നേര്‍ക്ക് സുഹൃത്തിനെ കൊണ്ട് ബോംബ് എറിയിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി, ബിജെപിയെ കുടുക്കാന്‍; കള്ളക്കഥ പൊളിച്ച് പൊലീസ് 

കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ നടന്ന ബോംബേറില്‍ പരാതിക്കാരനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പന്തക്കല്‍
ഊരോത്തുമ്മല്‍ ഭാഗം ബ്രാഞ്ച് സെക്രട്ടറി പന്തക്കലിലെ കുന്നത്താംപറമ്പില്‍ ബിജു, സിപിഎം പ്രവര്‍ത്തകനും ബിജുവിന്റെ സുഹൃത്തുമായ പന്തക്കല്‍ ഇടയില്‍പീടികയ്ക്ക് സമീപം തുവരക്കുന്നില്‍ റിനോജ് എന്നിവരാണ് അറസ്റ്റിലായത്. 

സിപിഎം-ബിജെപി പേര് നിലനില്‍ക്കുന്ന ഇവിടെ ബിജെപി പ്രവര്‍ത്തകരെ കുടുക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു നീക്കമെന്ന് മാഹി പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. പന്തക്കലില്‍ നിന്ന് പള്ളൂരിലേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ഊരോത്തുമ്മല്‍ കവാടത്തിന് സമീപം വെച്ച് തന്റെ സ്‌കൂട്ടറിന് നേരെ ഒരു സംഘം ബോംബെറിഞ്ഞെന്നാണ് പൊലീസില്‍ ബിജു പരാതി നല്‍കിയത്. 

ബോംബെറിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് തന്റെ കാലിനും ചെവിക്കും പരിക്കേറ്റെന്നും ബിജു പരാതിയില്‍ പറയുന്നു. ഇയാള്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. സംഭവത്തിന് പിന്നിലെ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തിയിരുന്നു. 

എന്നാല്‍ പൊലീസ് നടത്തിയ ശാസ്ത്രിയ അന്വേഷണത്തില്‍ സത്യം തെളിയുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. പൊലീസ് സൂപ്രണ്ട് വംശീധര റെഡ്ഡിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ സുഹൃത്തായ റിനോജിനെ കൊണ്ട് തനിക്ക് നേരെ ബോംബെറിയിക്കുകയായിരുന്നു എന്ന് ബിജു സമ്മതിച്ചു. മാഹി കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com