പതിനഞ്ച് മാസം; ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ അപകടത്തില്‍ മരിച്ചു, മൂന്ന് പേര്‍ മരിച്ചത് ഒരേ സ്ഥലത്ത് 

പുള്ളില്‍വീട്ടില്‍ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളില്‍ നാല് പേരാണ് മരിച്ചത്.
പതിനഞ്ച് മാസം; ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ അപകടത്തില്‍ മരിച്ചു, മൂന്ന് പേര്‍ മരിച്ചത് ഒരേ സ്ഥലത്ത് 

തൃശൂര്‍: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ വിവിധ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ ദേശീയപാതയില്‍ മരത്താക്കരയ്ക്ക് സമീപം പുഴമ്പള്ളം ജംങ്ഷനിലാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരാള്‍ ഇവിടെനിന്ന് 300 മീറ്ററോളം മാറി മരത്താക്കരയിലും അപകടത്തില്‍ മരിച്ചു.

പുള്ളില്‍വീട്ടില്‍ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളില്‍ നാല് പേരാണ് മരിച്ചത്. ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍, ആനന്ദന്‍, സുധാകരന്‍ എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഏറ്റവും ഒടുവില്‍ മരിച്ചത് ഉണ്ണികൃഷ്ണന്‍ (46) ആണ്. ശനിയാഴ്ച അര്‍ധരാത്രിയാണ് ഇയാള്‍ അപകടത്തില്‍ മരിച്ചത്. വീട്ടിലേക്ക് നടന്നുവരുമ്പോള്‍ പുഴമ്പള്ളം ജംങ്ഷനില്‍ വെച്ച് ബൈക്കിടിച്ച ഉണ്ണികൃഷ്ണന്‍ ഉടന്‍ തന്നെ മരിച്ചു. ഈ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ചങ്ങരംകുളം സ്വദേശി വിഷ്ണുവിന്റേത് സാരമായ പരിക്കാണ്. 

ഇതേ ജങ്ഷനിലാണ് ജൂലായില്‍ ഉണ്ണികൃഷ്ണന്റെ അനുജന്‍ ശ്രീനിവാസന്‍ (41) കാറിടിച്ച് മരിച്ചത്. ഇതിനു തൊട്ട് മുന്‍പ് ഇവിടെ നടന്ന അപകടത്തില്‍ ഉണ്ണികൃഷ്ണന്റെ മറ്റൊരു സഹോദരന്‍ ആനന്ദന്‍ (44) മരിച്ചു. രാത്രി നടന്നു വരുമ്പോഴാണ് ഇവരെല്ലാം അപകടത്തില്‍പ്പെട്ടത് എന്നതും അമ്പരപ്പുളവാക്കുന്നു. ഇവരുടെ മൂത്തസഹോദരന്‍ സുധാകരന്‍ (48) മരിച്ചിട്ട് 15 മാസമേ ആയിട്ടുള്ളൂ. മരത്താക്കരയില്‍വെച്ച് ബസിടിച്ചാണ് സുധാകരന്‍ മരിച്ചത്.

അതേസമയം അപകടങ്ങള്‍ പതിവായ പുഴമ്പള്ളം ജംങ്ഷനില്‍ ഒരുവര്‍ഷത്തിനിടെ അപകടങ്ങളില്‍ മരിച്ചത് പതിനഞ്ച് പേരാണ്. ഒട്ടനവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലോര്‍മണ്ണുത്തി നാലുവരിപ്പാതയിലെ ഏറ്റവും അപകടകരമായ മേഖലയാണ് പുഴമ്പള്ളം ജങ്ഷന്‍. 

കുഞ്ഞനംപാറ സിഗ്‌നല്‍ ജങ്ഷന്‍ കഴിഞ്ഞാല്‍ റോഡ് മുറിച്ച് മറുഭാഗത്തേക്ക് കടക്കുന്നതിനുള്ള സൗകര്യം ഇവിടെ മാത്രമാണുള്ളത്. പാഞ്ഞുവരുന്ന വാഹനങ്ങളുടെ വേഗം മനസിലാക്കാതെ റോഡ് മുറിച്ചുകടക്കുന്നതാണ് അപകടങ്ങളുണ്ടാക്കുന്നത്. രാത്രിയാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com