21 ദിവസത്തേക്കു കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണം; മുഖ്യമന്ത്രിയോട് ഐഎംഎ

21 ദിവസത്തേക്കു കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണം; മുഖ്യമന്ത്രിയോട് ഐഎംഎ
21 ദിവസത്തേക്കു കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണം; മുഖ്യമന്ത്രിയോട് ഐഎംഎ

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രാജ്യ വ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അടുത്ത 21 ദിവസത്തേക്കു കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് ഐഎംഎ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി  ഐഎംഎ  മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും, സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.

കേരളത്തിലേയും, രാജ്യത്തിലേയും, രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരമൊരു നിര്‍ദ്ദേശം ഐഎംഎ മുന്നോട്ടുവെച്ചത്. ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേയും, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി  ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും, കേരളത്തിലെ 50 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായും ഐഎംഎ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചർച്ചയിൽ രൂപപ്പെട്ട നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിക്കുന്നത്. 

കോവിഡ് 19 നിയന്ത്രണത്തില്‍ കേരള സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളേയും, രാജ്യങ്ങളേയും അപേക്ഷിച്ച് മികച്ച നടപടികളാണ് സ്വീകരിച്ചു വരുന്നത്. അതുകൊണ്ടുണ്ടായ നേട്ടം നിലനിര്‍ത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക്ഡൗണ്‍ തുടരേണ്ടതാണ്. വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന സാഹചര്യം ലോക്ക്ഡൗണ്‍ മാറ്റുമ്പോള്‍ ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹ വ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക്  കേരളത്തെ തള്ളിവിടാം.  

മറ്റ് രാജ്യങ്ങളില്‍  പലതും പതിനായിരക്കണക്കിന് കേസുകള്‍ വന്നതിന് ശേഷം മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കിയപ്പോള്‍ 500ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കി. ഇത് സമൂഹ വ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞതായി വിദഗ്ധ സമിതി വിലയിരുത്തി.

സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ഡോക്ടര്‍മാര്‍ക്കും  മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കി വരുന്ന പരിശീലനം തുടരേണ്ടതിന്റെ ആവശ്യകതയും ഐഎംഎ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട സുരക്ഷിത കവചങ്ങള്‍ക്ക് ദൗര്‍ലഭ്യം വരാതെ നോക്കേണ്ടതുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് കൊണ്ട് തന്നെ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും പ്രവര്‍ത്തനം തുടരണം.

ചെറിയ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടികളെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് നല്‍കേണ്ട പ്രത്യേക ശ്രദ്ധ കര്‍ശനമായ രീതിയില്‍ തുടരണം‌. കേരളത്തില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന രോഗികള്‍ക്കും  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആന്റീ ബോഡി ടെസ്റ്റുകളും റാപ്പിഡ് പിസിആര്‍ ടെസ്റ്റും കൂടുതല്‍ വ്യാപകമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com