ലോക്ക്ഡൗണ്‍ കഴിഞ്ഞാലും കേരളത്തിലെ എട്ടു ജില്ലകളില്‍ നിയന്ത്രണം തുടരും? ; ഹോട്ട്‌സ്‌പോട്ടുകള്‍ അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇതുവരെ രാജ്യത്തെ 274 ജില്ലകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും കേരളത്തിലെ എട്ടു ജില്ലകളില്‍ നിയന്ത്രണം തുടരും? ; ഹോട്ട്‌സ്‌പോട്ടുകള്‍ അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കം ശക്തമാക്കി. കോവിഡ് ബാധിതര്‍ ഏറെയുള്ള  രാജ്യത്തെ ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഇതില്‍ കേരളത്തിലെ എട്ടു ജില്ലകളും ഉള്‍പ്പെടുന്നുണ്ട്. 

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേരളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. കേരളത്തില്‍ ഏഴ് ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം എട്ടായത്. 

ഇതുവരെ രാജ്യത്തെ 274 ജില്ലകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22നു ശേഷം മൂന്നിരട്ടിയായി ഇവിടുത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. 

കോവിഡ് ചികിത്സാ വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. 2.7 കോടി എന്‍95 മാസ്‌ക്കുകള്‍ അടുത്ത രണ്ടു മാസത്തേയ്ക്ക് വേണ്ടിവരും. 16 ലക്ഷം പരിശോധനാ കിറ്റുകള്‍ തയാറാക്കാനും 50,000 വെന്റിലേറ്ററുകള്‍ ഒരുക്കണമെന്നും ഉല്‍പാദകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രാജ്യത്ത് കോവിഡ് മരണം 100 കടന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 109 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 4000 കടന്നു. 4067 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 12 മണിക്കൂറിനിടെ 26 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com