നിരീക്ഷണ കാലാവധിക്ക് ശേഷം കോഴിക്കോട് രണ്ട് പേർക്ക് കോവിഡ്

നിരീക്ഷണ കാലാവധിക്ക് ശേഷം കോഴിക്കോട് രണ്ട് പേർക്ക് കോവിഡ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഇന്ന് രണ്ട് പേർക്കാണ് കോഴിക്കോട് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം സംബന്ധിച്ച് നിലവിലെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് ഇരുവർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവർ രണ്ട് പേരും കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരി സ്വദേശികളാണ്. ഇവരുടെ മൂന്ന് ബന്ധുക്കൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതാണ്. 

ഇന്നും കഴിഞ്ഞ ദിവസവും കോവിഡ് സ്ഥിരീകരിച്ച ഈ കുടുംബത്തിലെ രണ്ട് പേരും വിദേശത്തു നിന്ന് വന്നവരാണ് എന്നാൽ ഇവരുടെ രണ്ട് പേരുടേയും നിരീക്ഷണ കാലാവധി കഴിഞ്ഞതാണ് എന്നാണ് പുറത്തു വരുന്ന വിവരം. എടച്ചേരി സ്വദേശിയായ 39കാരന് നാട്ടിലെത്തി 29ാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. 27ാം ദിവസമാണ് ഇയാളുടെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിരീക്ഷണ കാലവധിക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ സംഭവമാണിത്. 

ആദ്യ ഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി 14 ദിവസമാണ് നിരീക്ഷണ കാലയളവായി അധികൃതർ നിർദേശിച്ചിരുന്നത്. പിന്നീട് ഹൈ റിസ്ക് ഏരിയയിൽ നിന്ന് വന്നവർക്ക് ഇത് 28 ദിവസമാക്കി ഉയർത്തി. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട പന്തളം സ്വദേശിയായ പെൺകുട്ടിക്കും 14 ദിവസം കഴിഞ്ഞ ശേഷമാണ് രോഗം സ്ഥീരികരിച്ചത്. എന്നാൽ 28 ദിവസം കഴിഞ്ഞ് രോഗം സ്ഥിരീകരിച്ചതിനെ അസ്വാഭാവികമായാണ് ആരോഗ്യ വകുപ്പും കാണുന്നത്. 

എടച്ചേരിയിലെ കുടുംബത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് യുവാക്കളുടെ പിതാവിനാണ്. ഇദ്ദേഹം സ്വദേശം വിട്ടു പുറത്തേക്ക് പോയിട്ടില്ല. കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ഇയാൾക്ക് രണ്ടാമത്തെ തവണ നടത്തിയ പരിശോധനയിലാണ് ഈ മാസമാദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയെല്ലാം ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com