19-ാം പരിശോധനാഫലവും പോസിറ്റീവ്, കോവിഡ് പിടിവിടാതെ വടശേരി സ്വദേശി 42-ാം ദിവസവും ഐസൊലേഷനില്‍; വിദഗ്‌ധോപദേശത്തിനായി ആരോഗ്യവകുപ്പ് 

രണ്ടാം വരവില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ 42 ദിവസം കഴിഞ്ഞിട്ടും രോഗം സുഖപ്പെടാതെ വടശേരി സ്വദേശി
19-ാം പരിശോധനാഫലവും പോസിറ്റീവ്, കോവിഡ് പിടിവിടാതെ വടശേരി സ്വദേശി 42-ാം ദിവസവും ഐസൊലേഷനില്‍; വിദഗ്‌ധോപദേശത്തിനായി ആരോഗ്യവകുപ്പ് 

പത്തനംതിട്ട: രണ്ടാം വരവില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ 42 ദിവസം കഴിഞ്ഞിട്ടും രോഗം സുഖപ്പെടാതെ വടശേരി സ്വദേശി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതന്റെ 19-ാമത്തെ പരിശോധനാ ഫലവും പോസിറ്റീവാണ്. തുടര്‍ന്നും ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിദഗ്‌ധോപദേശത്തിനായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് വിഷയം വിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം വടശേരി സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്.

പത്തനംതിട്ടയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തിയാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ അടക്കം പരിശോധനാഫലം നെഗറ്റീവ് ആയി ആശുപത്രി വിട്ടപ്പോഴും വടശേരി സ്വദേശി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 42 ദിവസമായി കോവിഡ് ബാധിതന്‍ ആശുപത്രിയില്‍ കഴിയുന്നത്. അതിനിടെ 19 തവണ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനാ ഫലങ്ങള്‍ എല്ലാം പോസിറ്റീവായിരുന്നു.

ഇന്ന് വീണ്ടും സാമ്പിള്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഇതിലും അനുകൂലമായ ഫലം പുറത്തുവന്നില്ലായെങ്കില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് വിഷയം വിടാനുളള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേസമയം വടശേരി സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കോവിഡ് ബാധിതനില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുളള ഒരു സാധ്യതയും ഇല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം പരിശോധനാ ഫലങ്ങള്‍ തുടര്‍ച്ചയായി പോസിറ്റീവാകുന്നത് ഡോക്ടര്‍മാരില്‍ നേരിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കൂടുതല്‍ ചികിത്സയും പരിശോധനയും തുടരാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com