പ്രളയ ഫണ്ട് വെട്ടിപ്പ്; 20 ലക്ഷത്തിന്റെ മറ്റൊരു തിരിമറി കൂടി പുറത്ത്; ആകെ തട്ടിയത് അരക്കോടിക്ക് മുകളിൽ

പ്രളയ ഫണ്ട് വെട്ടിപ്പ്; 20 ലക്ഷത്തിന്റെ മറ്റൊരു തിരിമറി കൂടി പുറത്ത്; ആകെ തട്ടിയത് അരക്കോടിക്ക് മുകളിൽ
ഒന്നാം പ്രതി വിഷ്ണുപ്രസാദ്
ഒന്നാം പ്രതി വിഷ്ണുപ്രസാദ്

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ കൂടി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ടുകൾ. ഇതിന്റെ തെളിവുകള്‍ പുറത്തായി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കലക്ടറേറ്റ് സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ഒന്നാം പ്രതി വിഷ്ണുപ്രസാദ് 20 ലക്ഷത്തോളം രൂപ മാറ്റിയതായിട്ടാണ് സൂചന ലഭിച്ചത്. വ്യാജ വൗച്ചര്‍ രേഖയുണ്ടാക്കിയാണ് പണം തട്ടിയത്. ഇതോടെ തട്ടിപ്പു സംഖ്യ 50 ലക്ഷത്തിന് മുകളിലെത്തുന്ന വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചതായും റിപ്പോർട്ടുകളുണ്ട്. 

ദുരിതബാധിതര്‍ക്ക് നല്‍കിയ ആദ്യഘട്ടം അടിയന്തര സഹായം 10,000 രൂപ വീതമായിരുന്നു. ഇതില്‍ ചിലരെ നേരില്‍ വിളിച്ച് കൂടുതല്‍ തുകയ്ക്ക് അര്‍ഹതയുണ്ടെന്നും ആദ്യം ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ഗുണഭോക്താക്കള്‍ പണവുമായെത്തിയത് വിഷ്ണുപ്രസാദിന്റെ അരികിലാണ്. പണം കൈയില്‍ വാങ്ങും. ഒപ്പിട്ട രസീറ്റ് തിരിച്ച് നല്‍കും. ഇത്തരത്തില്‍ 20 ലക്ഷത്തോളം രൂപ വിഷ്ണു തിരിച്ചുപിടിച്ച് സ്വന്തമാക്കിയെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. 

കലക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനോ ആരുടെയൊക്കെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നോ കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. നേരത്തെ 27.73 ലക്ഷം രൂപയുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കൈമാറിയിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ പ്രതികള്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പ്രളയ ഫണ്ട് തിരിമറി കേസില്‍ വിഷ്ണുവും കൂട്ടുകാരനായ രണ്ടാം പ്രതി ബി മഹേഷും ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രതി ചേര്‍ത്തിരിക്കുന്നത്.

സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വര്‍, ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ നീതു, സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്‍എന്‍ നിഥിന്‍, ഭാര്യ ഷിന്റു എന്നിവരാണ് മൂന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com