കോടതിയില്‍ അടിച്ചുപൂസായി ആടിക്കുഴഞ്ഞ് പ്രതി ; പുഴത്തീരത്തുപോയി രണ്ടെണ്ണം 'പൂശി'യെന്ന് മറുപടി ; വീണ്ടും കേസ്

ബിനോയിയെ കോതി മുറിയില്‍ നിന്നും മാറ്റിയശേഷം പൊലീസിനെ വിളിച്ചുവരുത്തി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു
കോടതിയില്‍ അടിച്ചുപൂസായി ആടിക്കുഴഞ്ഞ് പ്രതി ; പുഴത്തീരത്തുപോയി രണ്ടെണ്ണം 'പൂശി'യെന്ന് മറുപടി ; വീണ്ടും കേസ്

കൊച്ചി : കോടതിയില്‍ മദ്യലഹരിയില്‍ ആടിക്കുഴഞ്ഞു നിന്ന കഞ്ചാവ് കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജഡ്ജിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. മുടവൂര്‍ ആനകുത്തിയില്‍ ബിനോയി (35) ആണ് അറസ്റ്റിലായത്.

ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ബിനോയിക്കെതിരെ മൂവാറ്റുപുഴ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടക്കുമ്പോഴാണ് സംഭവം. രാവിലെയുള്ള വിസ്താരം കഴിഞ്ഞ് കോടതി പിരിഞ്ഞശേഷം വീണ്ടും കോടതിയില്‍ വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു ഇയാള്‍ മദ്യപിച്ചെത്തിയത്.

ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പിറുപിറുത്ത് നിന്ന ബിനോയിയോട് മദ്യപിച്ചിട്ടുണ്ടോ എന്ന് ജഡ്ജി ചോദിച്ചു. രാവിലത്തെ വിസ്താരം കഴിഞ്ഞ് പുഴത്തീരത്തുപോയി രണ്ടെണ്ണം അടിച്ചെന്ന് ബിനോയി പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്ക് പിടിച്ചെന്നും ഇയാള്‍ വ്യക്തമാക്കി.

തുടര്‍ന്ന് ബിനോയിയെ കോതി മുറിയില്‍ നിന്നും മാറ്റിയശേഷം പൊലീസിനെ വിളിച്ചുവരുത്തി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധന നടത്തിയശേഷം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com