ക്വാറന്റൈൻ പൂർത്തിയാക്കി നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയി; പിന്നാലെ കോവിഡ് പോസിറ്റീവ്!

ക്വാറന്റൈൻ പൂർത്തിയാക്കി നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയി; പിന്നാലെ കോവിഡ് പോസിറ്റീവ്!
ക്വാറന്റൈൻ പൂർത്തിയാക്കി നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയി; പിന്നാലെ കോവിഡ് പോസിറ്റീവ്!

പാലക്കാട്: ക്വാറന്റൈൻ കാലാവധി അവസാനിക്കുന്ന ദിവസം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ആൾക്ക് വൈകീട്ട് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം വരും മുൻപേ നിരീക്ഷണ കേന്ദ്രം വിട്ട കല്ലേക്കാട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായ അഞ്ച് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി സൂചനകളുണ്ട്.

വിദേശത്തുനിന്ന് എത്തിയ ഇദ്ദേഹത്തിന്റെ നിരീക്ഷണ കാലാവധി കഴിഞ്ഞ വെള്ളിയാഴ്ചയാണു പൂർത്തിയാകേണ്ടിയിരുന്നത്. എന്നാൽ, അന്നു രാവിലെ പഞ്ചായത്ത് നോഡൽ ഓഫീസർ നിർദേശിച്ചതനുസരിച്ചാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയതെന്ന് ഇദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കുന്നു. പക്ഷേ, ആരോഗ്യ പ്രവർത്തകർ നൽകിയ വിവരം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളെ വിളിച്ചറിയിക്കുക മാത്രമാണു ചെയ്തതെന്നു നോഡൽ ഓഫീസർ വ്യക്തമാക്കി. 

നിരീക്ഷണ കാലാവധി കഴിഞ്ഞാൽ പോലും സ്രവ പരിശോധനയുടെ ഫലം വരാതെ പുറത്തിറങ്ങാൻ പാടില്ലാത്തതാണ്. ഇതു രോഗം സ്ഥിരീകരിച്ചയാളെ കൃത്യമായി അറിയിക്കാതിരുന്നത് വീഴ്ചയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പരിശോധനാ ഫലം വരാതെ പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് രോഗിയെ തിരിച്ചയയ്ക്കുകയായിരുന്നു. 

ഓട്ടോറിക്ഷയിലെത്തിയാണ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകിയത്. ആശുപത്രിക്കു സമീപത്തെ പെട്ടിക്കടയിൽ നിന്നു സാധനങ്ങളും വാങ്ങിയിട്ടുണ്ട്. ഇന്നലെ ആശുപത്രി തുറന്നെങ്കിലും പഞ്ചായത്ത് ഇടപെട്ട് അടപ്പിച്ചു. എന്നാൽ, സംഭവത്തിൽ ആശങ്കയുടെ കാര്യമില്ലെന്നും രോഗിക്കു കാര്യമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആശുപത്രി അണു വിമുക്തമാക്കി പ്രവർത്തനം തുടരാവുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com