10,000 രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണ്‍ 799 രൂപയ്ക്ക്, ലോക്ക്ഡൗണ്‍ പ്രമാണിച്ച് വമ്പിച്ച വിലക്കിഴിവ്; പരസ്യം വിശ്വസിച്ച യുവതിക്ക് നഷ്ടമായത് അരലക്ഷം

സമൂഹമാധ്യമത്തിലെ പരസ്യത്തില്‍ വിശ്വസിച്ച് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍:  സമൂഹമാധ്യമത്തിലെ പരസ്യത്തില്‍ വിശ്വസിച്ച് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ. 10000 രൂപയൂടെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ വമ്പിച്ച വിലക്കിഴിവില്‍ 799 രൂപയ്ക്ക് നല്‍കുമെന്ന പരസ്യമാണ് വിശ്വസിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ് സൈറ്റിന് സമാനമായ വ്യാജ വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടന്നത്. 

ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്.ബിടെക് ബിരുദമുള്ള ഇവര്‍ ഫെയ്‌സ്ബുക്കില്‍ ലഭിച്ച മൊബൈല്‍ ഫോണിന്റെ പരസ്യത്തിലാണു കുടുങ്ങിയത്. കോവിഡ് ലോക്ക്ഡൗണിന്റെ മറവിലാണ് വമ്പന്‍ വിലക്കിഴിവുമായി വ്യാജ പരസ്യം. പരസ്യത്തിലൂടെ യുവതി എത്തിയത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന് സമാനമായ വ്യാജ സൈറ്റിലാണെന്ന് പൊലീസ് പറയുന്നു.തുടര്‍ന്ന് വിലാസവും ഫോണ്‍ നമ്പറും നല്‍കി ഫോണ്‍ തിരഞ്ഞെടുത്തു. 799 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നു കൈമാറുകയും ചെയ്തു.

പുതിയ മൊബൈല്‍ എത്തുമെന്നു കരുതി കാത്തിരുന്ന യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 50,000 രൂപയാണ് നഷ്ടപ്പെട്ടത്. എടിഎം പിന്‍ നമ്പറോ, വണ്‍ ടൈം പാസ്‌വേര്‍ഡും (ഒടിപി) നല്‍കാതെ എങ്ങനെ പണം നഷ്ടപ്പെട്ടെന്നു മനസ്സിലാകാതെ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഗുരുവായൂര്‍ പൊലീസിനു പരാതി നല്‍കി. തൃശൂര്‍ സിറ്റി പൊലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ് സൈറ്റുകളിലേതിനു സമാനമായ വ്യാജ വെബ്‌സൈറ്റുകള്‍ വഴിയാണ് തട്ടിപ്പു നടത്തിയത്. സമൂഹമാധ്യമങ്ങളിലെ പരസ്യചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താല്‍ക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് എത്തിച്ചേരും. തുടര്‍ന്നു തിരഞ്ഞെടുത്ത വസ്തുക്കള്‍ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ കൈക്കലാക്കും. ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com