സംസ്ഥാനത്തുടനീളം ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ; രോ​ഗ ലക്ഷണമില്ലാത്ത കോവിഡ് ബാധിതരും പോകണം

സംസ്ഥാനത്തുടനീളം ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ; രോ​ഗ ലക്ഷണമില്ലാത്ത കോവിഡ് ബാധിതരും പോകണം
സംസ്ഥാനത്തുടനീളം ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ; രോ​ഗ ലക്ഷണമില്ലാത്ത കോവിഡ് ബാധിതരും പോകണം

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ ചെറു രോഗ ലക്ഷണമുള്ളവരെ പ്രവേശിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സംസ്ഥാനത്തുടനീളം സജ്ജമാക്കും. ഇക്കാര്യത്തിൽ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളിൽ ഒരേതരം രോഗ ലക്ഷണങ്ങളുള്ളവരെയും ഒരേ ലിംഗക്കാരെയും ഒരുമിച്ചു ഒരു ഹാളിൽ കിടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആന്റിജൻ ടെസ്റ്റ് പോസിറ്റീവായി നിലവിൽ രോഗ ലക്ഷണമില്ലാത്തവരെയും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് കൊണ്ടു പോകേണ്ടി വരും. രോഗ ലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് രോഗം പകരുക വഴി സമൂഹ വ്യാപനമുണ്ടാവും. ഇതിനാലാണ്  രോഗ ലക്ഷണമില്ലെങ്കിലും പോസിറ്റീവായവരെ മാറ്റിപാർപ്പിക്കുന്നത്. അതിനാൽ പോസിറ്റീവായവരെല്ലാം നിർദേശം പാലിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോവേണ്ടതാണെന്നും നെഗറ്റീവാകുന്ന മുറയ്ക്ക് തിരികെ വീട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. സാമൂഹിക വ്യാപനമുണ്ടായാൽ നിലവിൽ ഉള്ള പൊതുജനാരോഗ്യ സംവിധാനങ്ങളെ ബാധിക്കാത്ത തരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഇവയെ ഉപയോഗിക്കുന്നത്.

ഹോട്ടലുകൾ, ഹാളുകൾ, കോളജുകൾ തുടങ്ങിയ ഇടങ്ങൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മന്റ് സെന്ററുകളുടെ മേൽനോട്ടം ഫാമിലി ഹെൽത്ത് സെന്റർ, പ്രൈമറി ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രി എന്നിവക്കായിരിക്കും.

മരുന്നുകൾ, പൾസ് ഓക്‌സീ മീറ്ററുകൾ, ബിപി അപ്പാരറ്റസുകൾ തുടങ്ങി വിവിധ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് വിദഗ്ധരായ ആരോഗ്യ പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്. കിടക്കകൾ തമ്മിൽ കൃത്യമായ അകലം ഉണ്ടാകും . കുറഞ്ഞത് നാലു മുതൽ ആറടി വരെ അകലം ഉണ്ടാകണം. ജില്ലാ കൺട്രോൾ റൂമിൽ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിൽ നിന്നോ റിസർട്ട് അറിയിച്ചു കഴിഞ്ഞാൽ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകാൻ തയ്യാറാകണം. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ ആളുകളെ മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com