ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്‌ മുഖ്യമന്ത്രിക്കും ഡോക്ടർമാർക്കും എല്ലാവർക്കും നന്ദി; വികാരനിർഭരം ഈ യാത്രയയപ്പ്

മാർച്ച്​ എട്ടിനാണ്​ ഇറ്റലിയിൽനിന്ന്​ റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുമായി ഇടപഴകിയ സഹോദരനും ഭാര്യക്കും രോഗം സ്​ഥിരീകരിക്കപ്പെട്ടത്​
ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്‌ മുഖ്യമന്ത്രിക്കും ഡോക്ടർമാർക്കും എല്ലാവർക്കും നന്ദി; വികാരനിർഭരം ഈ യാത്രയയപ്പ്

പത്തനംതിട്ട: നിറഞ്ഞ കണ്ണുകളോടെയാണ് അവർ  മു​ഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചികിത്സിച്ച ഡോക്​ടർമാർക്കും പരിചരിച്ച ജീവനക്കാർക്കും നന്ദി പറഞ്ഞത്. വീട്ടിലേക്ക് ഇതുപോലെ ഒരു തിരികെപോക്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് അവർ പറയുന്നു. 
കോവിഡ്​ കാലത്ത്​ സംസ്​ഥാനത്തിനാകെ സന്തോഷം പകരുന്ന നിമിഷങ്ങളായിരുന്നു തിങ്കളാഴ്​ച വൈകീട്ട്​ പത്തനംതിട്ടയിൽ​. സംസ്​ഥാനത്ത്​ രണ്ടാംഘട്ടത്തിൽ കോവിഡ്​ സ്​ഥിരീകരിക്കപ്പെട്ട ഇറ്റലിയിൽനിന്നെത്തിയവർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേർ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.

മാർച്ച്​ എട്ടിനാണ്​ ഇറ്റലിയിൽനിന്ന്​ റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുമായി ഇടപഴകിയ സഹോദരനും ഭാര്യക്കും രോഗം സ്​ഥിരീകരിക്കപ്പെട്ടത്​. സംഭവം കേരളം ഞെട്ടലോടെയാണ്​ കേട്ടത്​. അന്നുമുതൽ മുൾമുനയിലായ സംസ്​ഥാനത്തിന്​ ആശ്വാസം പകരുന്നതായി തിങ്കളാഴ്​ച വൈകീട്ട്​ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നൽകിയ യാത്രയയപ്പ്​. മാർച്ച്​ ആറിനാണ്​ ഇവർ അഞ്ചുപേരെ രോഗ ലക്ഷണങ്ങളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

25ാം ദിവസം രോഗം പൂർണമായും ഭേദമായി ആശുപത്രി വിടുമ്പോൾ നിറകണ്ണുകളോടെ ദൈവത്തിനും ചികിത്സിച്ച ഡോക്​ടർമാർക്കും സർക്കാറിനും ഇവർ നന്ദി പറഞ്ഞു. 

രോഗബാധിതരാണെന്ന്​ അറിയാതെയാണ്​ എല്ലാവരുമായും സഹകരിച്ചത്​. അത്​ തങ്ങൾക്ക്​ പറ്റിയ തെറ്റായിരുന്നു. എല്ലാവരും മനസ്സിലാക്കണം. ജീവിതത്തിലേക്ക്​​ മടങ്ങിവരാനാകും എന്ന്​ കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. ചികിത്സ വലിയ വെല്ലുവിളിയായിരുന്നുവെന്ന്​ ആശുപത്രി ആർ.എം.ഒ ഡോ. ആഷിഷ്​ മോഹൻ പറഞ്ഞു. കൂട്ടായ പ്രവർത്തനമാണ്​ വിജയത്തിലെത്തിച്ചത്​. വീട്ടിലെത്തിയാൽ 14 ദിവസം കുടി ക്വാറ​​ൈൻറനിൽ തുടരണം​. 14ാം ദിവസം വീണ്ടും സ്രവ പരിശോധന നടത്തിയ ശേഷമെ പുറത്തിറങ്ങാവൂ എന്ന്​ നിർദേശിച്ചതായും ആർ.എം.ഒ പറഞ്ഞു. 

ഇവരിൽനിന്നും രോഗം പകർന്ന കോട്ടയം ചെങ്ങളത്തുള്ള ഇവരുടെ മകളും മരുമകനും രണ്ട്​ ദിവസം മുമ്പ്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ആയിരുന്നു. ഇവരുടെ വൃദ്ധ മാതാപിതാക്കൾ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​. ഇറ്റലിയിൽ നിന്നെത്തി ഒരാഴ്​ച പിന്നിട്ടപ്പോൾ റാന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവരെ അവിടത്തെ ഡോക്​ടർമാരാണ്​ കോവിഡാവാമെന്ന സംശയത്തിൽ ആംബുലൻസ്​ വരുത്തി സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക്​ അയച്ചത്​.

രണ്ടാം ദിവസമാണ്​ കോവിഡ്​ 19 പോസിറ്റിവാണെന്ന പരിശോധന ഫലം​ വന്നത്​. ഇവരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട 1500 ഓളം പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ പത്തനംതിട്ടയിലെ ആരോഗ്യ പ്രവർത്തകർക്ക്​​ കഴിഞ്ഞുവെന്ന്​ മനസ്സിലായതോടെയാണ്​ പത്തനംതിട്ടയിൽ ജനം പുറത്തിറങ്ങിതുടങ്ങിയത്​. അതിനു പിന്നാലെ സർക്കാർ ലോക്​ ഡൗൺ പ്രഖ്യാപിച്ചതോടെ പത്തനംതിട്ടക്കാർ വീണ്ടും വീടുകളിൽ കഴിയാൻ നിർബന്ധിതരായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com