പത്തുവയസ്സുള്ള സഹോദരിയെയും കൂട്ടുകാരികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മൂന്നാംക്ലാസ്സുകാരന്‍ ; 'കുട്ടിപ്പരാതി' കണ്ട് അമ്പരന്ന് പൊലീസ്

ചേച്ചിയെയും കൂട്ടുകാരികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്ന്, ഇംഗ്ലീഷില്‍ എഴുതിയ പരാതിയില്‍ എട്ടുവയസ്സുകാരന്‍ ആവശ്യപ്പെട്ടു
ഫയൽ ചിത്രം
ഫയൽ ചിത്രം

കോഴിക്കോട്: പത്തുവയസ്സുള്ള സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച് മൂന്നാംക്ലാസുകാരന്‍. വീടിന് മുന്നിലൂടെ നടന്നുപോയ ജനമൈത്രി പൊലീസുകാര്‍ക്കാണ് കുട്ടി പരാതി നല്‍കിയത്. സഹോദരിയെയും കൂട്ടുകാരികളും ബന്ധുക്കളുമായ നാലുപേരെയും അറസ്റ്റുചെയ്യണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.

ചേച്ചിയെയും കൂട്ടുകാരികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്ന്, ഇംഗ്ലീഷില്‍ എഴുതിയ പരാതിയില്‍ എട്ടുവയസ്സുകാരന്‍ ആവശ്യപ്പെട്ടു. സഹോദരി ഉള്‍പ്പെടെ അഞ്ചുപേരുടെയും പ്രായവും പേരും പരാതിയിലുണ്ടായിരുന്നു. ഒപ്പം പരാതിക്കാരന്റെ പൂര്‍ണമേല്‍വിലാസവും.പരാതി കണ്ട് അമ്പരന്ന പൊലീസ് ഉടന്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറായി.

ഇതിനായി പരാതിക്കാരനെയും സഹോദരി ഉള്‍പ്പെടെയുള്ള അഞ്ചുപേരെയും രക്ഷിതാക്കളുടെ സഹായത്തോടെ കസബ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ തിരക്കി. തന്നെ കളിക്ക് കൂട്ടുന്നില്ലെന്നും ചേച്ചിയുള്‍പ്പെടെയുള്ളവര്‍ കളിയാക്കുകയാണെന്നുമായിരുന്നു പരാതിക്കാരന്റെ ആവലാതി.

പരാതി വിശദമായി കേട്ട കസബ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉമേഷ്, കെ ടി നിറാസ് എന്നിവര്‍ അവസാനം മധ്യസ്ഥശ്രമം നടത്തി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. പരാതിക്കാരനെയും സഹോദരിയെയും കൂട്ടുകാരികളെയും ഒന്നിച്ചിരുത്തി 'ഉടമ്പടി'യുണ്ടാക്കി. കളിക്ക് കൂട്ടാമെന്നും കളിയാക്കില്ലെന്നും പൊലീസുകാരുടെ സാന്നിധ്യത്തില്‍ ഉറപ്പുലഭിച്ച പരാതിക്കാരന്‍ സന്തോഷത്തോടെ രക്ഷിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com