വരുന്നവര്‍ സാധാരണക്കാര്‍, ഭരണഭാഷയായി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് മടിക്കില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി 

ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സാധാരണ ജനങ്ങളെ സേവിക്കാന്‍ നിയമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മലയാളത്തില്‍ ആശയവിനിമയത്തിന് കഴിവുള്ളവരാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മലയാളദിന സന്ദേശം ഓണ്‍ലൈനില്‍ നല്‍കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലിഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഒഴികെ ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്കു ബാധ്യതയുണ്ട്. ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാനാണു നിര്‍ദേശമെന്നും എന്നാല്‍ ചില വകുപ്പുകള്‍ പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കു മാതൃഭാഷാ പഠനം ഉറപ്പുവരുത്താനാണ് 2017ല്‍ മലയാള ഭാഷാ പഠന നിയമം പാസാക്കിയത്. സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നു കത്തും ഉത്തരവും മലയാളത്തില്‍ ലഭിക്കുക എന്നതു ഭാഷാപരമായ അവകാശമാണ്. ഭരണരംഗത്ത് ഉപയോഗിക്കുന്ന 20,000 പദങ്ങളുടെ മലയാളരൂപം ചേര്‍ത്തു ഭരണമലയാളം എന്ന ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും ഔദ്യോഗിക ഭാഷാ വകുപ്പ് തയാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ വിവരം മലയാളത്തിലും ലഭ്യമാക്കും  മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com