ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്, സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകം

അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്, സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകം

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ  ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

സംസ്ഥാന സർക്കാരും യൂണിടാകുമാണ് സിബിഐ അന്വേഷണത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10.15ന്  ഹ‍ർജികൾ സിംഗിൾ  ബെഞ്ച് പരിഗണിക്കും. സിബിഐ അന്വേഷണം ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണ്. കോൺസുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതിൽ സർക്കാരിന് പങ്കില്ല.  ലൈഫ് മിഷന് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടില്ലെന്നും എഫ്‌സിആർഎ പരിധിയിൽ വരില്ലെന്നും സർക്കാർ വാദിക്കുന്നു. 

ലൈഫ് മിഷൻ പദ്ധിയുമായി ബന്ധപ്പെട്ട് വലിയ ​ഗൂഡാലോചന നടന്നിട്ടുണ്ടെന്നും,   കേന്ദ്രസർക്കാരിൻറെ  അനുമതിയില്ലാതെയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നുമാണ് സിബിഐ കോടതിയിൽ നിലപാടെടുത്തിരിക്കുന്നത്. യൂണിടാക്കിന് കരാർ ലഭിച്ചത് ടെൻഡർ വഴിയാണെന്നുള്ളത് കളവാണെന്നും സിബിഐ കോടതിയിൽ വാദിച്ചു. റെഡ് ക്രസന്റിൽ നിന്ന് കോൺസുലേറ്റിന്റെ അക്കൗണ്ടിലേക്ക് പണം വരികയും അവിടെനിന്ന് യൂണിടാക്കിന് കൈമാറുകയാണ് ചെയ്തതെന്നും സിബിഐ കോടതിയിൽ പറഞ്ഞു.

ഹർജിയിൽ വരുന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് ഏറെ നിർണായകമാണ്. ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com