'കലി തുള്ളി കൊമ്പൻ ഓട്ടോയ്ക്ക് നേരെ പാഞ്ഞെത്തി ; യാത്രക്കാരെ എന്തുചെയ്യുമെന്ന് പകച്ചു', ഓടെടാ ഓട്ടം ; നാട്ടുകാരെ മുൾമുനയിൽ നിർത്തി ആനയുടെ പരാക്രമം

പാപ്പാൻമാരുടെ നിർദേശം വകവയ്ക്കാതെ നിന്ന ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചു
'കലി തുള്ളി കൊമ്പൻ ഓട്ടോയ്ക്ക് നേരെ പാഞ്ഞെത്തി ; യാത്രക്കാരെ എന്തുചെയ്യുമെന്ന് പകച്ചു', ഓടെടാ ഓട്ടം ; നാട്ടുകാരെ മുൾമുനയിൽ നിർത്തി ആനയുടെ പരാക്രമം

പൊൻകുന്നം : ഇളമ്പള്ളി നെയ്യാട്ടുശേരിയിൽ നിന്ന് ഇടഞ്ഞോടിയ വാഴൂർ ശിവസുന്ദർ എന്ന ആനയെ 16 മണിക്കൂറിനു ശേഷം തളച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ നെയ്യാട്ടുശേരിയിൽ നിന്ന് ഇടഞ്ഞോടിയ ആനയെ ഇന്നലെ രാവിലെയാണ് തളയ്ക്കാനായത്.  ആനയെ ഉടമയെത്തി വീട്ടിലേക്കു ലോറിയിൽ കൊണ്ടു പോയി. ‌കാണാമറയത്ത് നിന്ന കൊമ്പൻ ഒരു രാത്രി മുഴുവൻ നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി. 

പാപ്പാൻമാരുടെ നിർദേശം വകവയ്ക്കാതെ നിന്ന ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചു. എന്നാൽ വെടി ഏൽക്കാതെ വന്നതോടെ ആന റോഡിലേക്കിറങ്ങി. ഇതിനിടെ ആനയുടെ പിൻഭാഗം തട്ടി പോസ്റ്റ് ഒടിഞ്ഞുവീണ് കറന്റും പോയി. വിരണ്ട ആന റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ആന ഇടഞ്ഞ വിവരം അറിഞ്ഞ് 10 അംഗ പൊലീസ് സംഘവും സ്ഥലത്ത് എത്തി.

ഇതിനിടെയാണ് യാത്രക്കാരുമായി ഒരു ഓട്ടോറിക്ഷ അങ്ങോട്ടേക്കെത്തുന്നത്. ആന പാഞ്ഞുവരുന്നു. ഓട്ടോയിൽ യാത്രക്കാരുണ്ട്.. എന്ത് ചെയ്യും ?
ഒരു നിമിഷം പകച്ചുപോയെന്ന് ഓട്ടോഡ്രൈവർ ബിപിനേഷ് ബാബു പറഞ്ഞു. പിന്നെ ഓട്ടോ നിർത്തിയിട്ടിട്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. യാത്രക്കാരും കൂടെയോടി. ഓട്ടത്തിനിടെ വീണ് കാലുപൊട്ടി. ആന ഓട്ടോറിക്ഷയ്ക്ക് അടുത്തെത്തി, ഒറ്റത്തട്ടു തട്ടി. തലകീഴായി ഓട്ടോറിക്ഷ റോഡിന്റെ വശത്ത് പോയി വീണു. നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂവെന്ന് ബിപിനേഷ് പറയുന്നു. 

തുടർന്ന് ഓടിയ ആന സമീപത്തെ റബർ തോട്ടത്തിലേക്ക് കയറി. പൊലീസ് ജീപ്പിന്റെ ഹെഡ്‍ലൈറ്റും ജനറേറ്ററുമൊക്കെ ഉപയോഗിച്ച് ലൈറ്റ് തെളിച്ചെങ്കിലും കാടുപിടിച്ച തോട്ടത്തിൽ ആനയെ കണ്ടെത്താൻ പറ്റിയില്ല. രാത്രി പത്തരയോടെ കറന്റ് വന്നു. പിന്നാലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമെത്തി. അർധരാത്രിയോടെ ആനയെ കണ്ടെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com