സംസ്ഥാനത്ത് പ്രതിദിന പരിശോധന 60,000 കടന്നു; ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13. 86 ശതമാനം; ആശങ്ക

ഇന്ന് 63,682 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് പ്രതിദിന പരിശോധന 60,000 കടന്നു; ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13. 86 ശതമാനം; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ആദ്യമായി പ്രതിദിന പരിശോധനകളുടെ എണ്ണം അറുപതിനായിരം കടന്നു. ഇന്ന് 63,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13. 86 ശതമാനമായി.

സംസ്ഥാനത്ത് പ്രതിദിന പരിശോധനകള്‍ അരലക്ഷം ആക്കുകയെന്നതായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന പരിശോധനകള്‍ അന്‍പതിനായിരം കടന്നിരുന്നു. ഇതാദ്യമായാണ് പരിശോധനകള്‍ അറുപതിനായിരം കടക്കുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകളുടെ എണ്ണം കൂട്ടിയത്. 

റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 29,25,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,04,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച 8830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 23 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍കോട് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com