കോവിഡിന്റെ രണ്ടാം വരവും സംസ്ഥാനത്ത് അവസാനിക്കുന്നു ?; വൈറസ് അഞ്ചുശതമാനം ആളുകളില്‍ 20 ദിവസം വരെ സജീവമായി നിലനില്‍ക്കാം ; മുന്നറിയിപ്പ് 

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തിന്റെ മൂന്നാംവരവാണ് കേരളം നേരിടുന്ന അടുത്ത വെല്ലുവിളി
കോവിഡിന്റെ രണ്ടാം വരവും സംസ്ഥാനത്ത് അവസാനിക്കുന്നു ?; വൈറസ് അഞ്ചുശതമാനം ആളുകളില്‍ 20 ദിവസം വരെ സജീവമായി നിലനില്‍ക്കാം ; മുന്നറിയിപ്പ് 

തിരുവനന്തപുരം : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് പടരുമ്പോഴും, കേരളത്തില്‍ മഹാമാരിയുടെ രണ്ടാംവരവ് അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണ് ഇത്തരത്തിലൊരു വിലയിരുത്തലിലേക്ക് എത്തിയത്. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തിന്റെ മൂന്നാംവരവാണ് കേരളം നേരിടുന്ന അടുത്ത വെല്ലുവിളി.

കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാള്‍ കൂടുതലാണ് രോഗമുക്തരാകുന്നവരുടെ എണ്ണം. ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തില്‍ രോഗികള്‍ കുറയുന്നത്. ക്വാറന്റീന്‍ കാലാവധി തീരുന്നതോടെ നിരീക്ഷണത്തിലുള്ളവര്‍ കുറഞ്ഞുവരുന്നതിനാല്‍ ഇനി രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍. 

ജനുവരി 30നു വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു കോവിഡിന്റെ ആദ്യ വരവ്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗബാധയായിരുന്നു ഇത്. മൂന്നു വിദ്യാര്‍ഥികളും സുഖം പ്രാപിച്ചതോടെ കേരളം രോഗമുക്തമായി. ഇറ്റലിയില്‍നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവര്‍ വഴി രണ്ടു ബന്ധുക്കള്‍ക്കും മാര്‍ച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ രണ്ടാം വരവായി. പിന്നീട് വിദേശത്തുനിന്നെത്തിയ നൂറുകണക്കിനു പേര്‍ക്കും അവര്‍ വഴി കേരളത്തിലെ 99 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതാണ് ഇപ്പോള്‍ ഏറെക്കുറെ പൂര്‍ണമായി നിയന്ത്രണത്തിലാകുന്നത്.

ഒരു രോഗിയില്‍ നിന്ന് 2.6 പേര്‍ക്ക് രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തില്‍ പുറത്തുനിന്നെത്തിയത് 254 രോഗികളാണ്. എന്നാല്‍ രോഗം പകര്‍ന്നതാകട്ടെ 91 പേരിലേക്ക് മാത്രം. സമ്പര്‍ക്കത്തിലൂടെ രോഗം വന്നവര്‍ പുതുതായി ആര്‍ക്കും രോഗം പകര്‍ന്നുനല്‍കിയില്ല. കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് രോഗം പകര്‍ന്നതായി ഇതുവരെ തെളിവില്ല. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് എന്നിവയെല്ലാം കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ജാഗ്രതയുടെയും അടിയന്തര ഇടപെടലിന്റെയും ഫലമാണ്. അതേസമയം, കൊറോണ വൈറസ് 5% ആളുകളില്‍ 20 ദിവസം വരെ സജീവമായി നിലനില്‍ക്കുമെന്നതിനാല്‍ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com