ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്; രോഗമുക്തരായത് 19 പേര്‍

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്; രോഗമുക്തരായത് 19 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവായവരില്‍ 2 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ്. ഇന്ന് 19 കേസുകള്‍ നെഗറ്റീവായി. കാസര്‍കോട് 12, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കണ്ണൂര്‍ ഒന്ന്. ഇതുവരെ 378 പേര്‍ക്കാണ് രോഗം ബാധിച്ചത്. 178 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,11,468 വീടുകളിലും 715 പേര്‍ ആശുപത്രിയിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

86 പേരാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 14829 എണ്ണം രോഗബാധയില്ല. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ട്. ഇതു കണ്ട് നിയന്ത്രണം ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലുമുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ഡൗണ്‍ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെയെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോടു പറയും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ തീരുമാനം എടുക്കും,

നാം കാണേണ്ടത് ജാഗ്രതയില്‍ കുറവു വരുത്താനുള്ള അവസ്ഥ മുന്നില്‍ ഇല്ല. വൈറസ് വ്യാപനം എപ്പോള്‍ എവിടെയൊക്കെയെന്നു പ്രവചിക്കാന്‍ സാധിക്കില്ല. സമൂഹവ്യാപനം എന്ന അത്യാപത്തും സംഭവിക്കാം. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അവരെ കേരളത്തില്‍ എത്തിക്കണമെന്ന് നമുക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താല്‍പര്യമുണ്ട്. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം മൂലം വിദേശത്തു കുടുങ്ങിയവരും ഹ്രസ്വകാല സന്ദര്‍ശനത്തിനു പോയവര്‍ക്കും മടങ്ങാന്‍ സാധിക്കുന്നില്ല. വരുമാനം ഇല്ലാത്തതിനാല്‍ അവിടെ ജീവിതം അസാധ്യമാണ്.

ഇവര്‍ക്കും പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കും നാട്ടിലേക്കു പ്രത്യേക വിമാനം ഏര്‍പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീന്‍ മുതലായ കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കും. പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച കാര്യം നമ്മുടെയെല്ലാം ശ്രദ്ധയിലുണ്ട്. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ആവശ്യമായ എല്ലാം സര്‍ക്കാര്‍ ഒരുക്കും.

ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കില്‍ സംരക്ഷിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കണം എന്ന് അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ലക്ഷ്യമിട്ട് നാല് പൊലീസ് സ്‌റ്റേഷനുകള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com