കാസർകോടു നിന്ന് മൂന്ന് ദിവസം നടന്ന് വയനാട്ടിലേക്ക്; അവസാനം പൊലീസ് പിടിയിൽ; യുവാവിനെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

രാത്രി നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ട മാനന്തവാടി പൊലീസ് ഉദ്യോ​ഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു
കാസർകോടു നിന്ന് മൂന്ന് ദിവസം നടന്ന് വയനാട്ടിലേക്ക്; അവസാനം പൊലീസ് പിടിയിൽ; യുവാവിനെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

വയനാട്; കാസർകോടു നിന്ന് കാൽനടയായി വയനാട്ടിൽ എത്തിയ ആളെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കൊറോണയുടെ ഹോട്ട്സ്പോട്ടായി ജില്ല മാറിയതോടെ പൂർണമായി ലോക്ക്ഡൗണിലായിരുന്നു. ഇതോടെയാണ് കാസർകോടുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് ഇയാൾ കിലോമീറ്ററുകളോളം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തോണിച്ചാല്‍ പള്ളിക്കല്‍ റോഡില്‍ രാത്രി പരിശോധനയ്ക്കിടയിലാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.

രാത്രി നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ട മാനന്തവാടി പൊലീസ് ഉദ്യോ​ഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് കാസര്‍കോട് നിന്ന് വരികയാണെന്ന വിവരം ലഭിച്ചത്. കൊല്ലം സ്വദേശിയായ ഇയാള്‍ കാസര്‍കോട്ടെ ബന്ധുവിന്റെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് മീനങ്ങാടിയിലെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. മൂന്നുദിവസം കൊണ്ടാണ് ഇയാള്‍ കാസര്‍കോട് നിന്ന് വയനാട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. 

ഒരുദിവസം രാത്രി ഇരിട്ടിയില്‍ കഴിഞ്ഞു. തുടര്‍ന്ന് പകല്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ എത്തി. രാത്രി മീനങ്ങാടിയിലേക്ക് നടക്കവേ വഴിതെറ്റിയാണ് ഇയാള്‍ പള്ളിക്കല്‍ റോഡില്‍ എത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. വിവരമറിയിച്ചത് അനുസരിച്ച് മാനന്തവാടി ജില്ല ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തി ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com