ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ കുളത്തില്‍ വിഷം കലര്‍ത്തി; അന്വേഷണം

നെടുങ്കണ്ടം പുഷ്പകണ്ടത്ത് കുളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയതായി പരാതി.
ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ കുളത്തില്‍ വിഷം കലര്‍ത്തി; അന്വേഷണം

ഇടുക്കി: നെടുങ്കണ്ടം പുഷ്പകണ്ടത്ത് കുളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയതായി പരാതി. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിയായ പുത്തന്‍പുരയ്ക്കല്‍ പ്രശാന്തിന്റെ പുരയിടത്തിലെ പടുതാകുളത്തിലാണ് സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. കുളത്തില്‍ വളര്‍ത്തിയിരുന്ന വിളവിടപ്പിന് ആവശ്യമായ വളര്‍ച്ചയെത്തിയ മത്സ്യങ്ങള്‍ ഇതോടെ ചത്ത് പൊങ്ങി. ഇന്ന് രാവിലെ പ്രശാന്ത് മീനുകള്‍ക്ക് തീറ്റ കൊടുക്കാന്‍ എത്തിയപ്പോഴാണ് വിഷം കലക്കിയതായി മനസ്സിലായത്.

വീടിന് സമീപത്തായാണ് പടുതാകുളം നിര്‍മ്മിച്ചിരിക്കുന്നത്. കുളത്തിന് സമീപത്ത് കൂടി പൊതു വഴി കടന്ന് പോകുന്നുണ്ട്. പടുതാകുളത്തില്‍ നിന്നും കളനാശിനികുപ്പി കണ്ടെത്തിയിട്ടുണ്ട്. ഏലത്തിന് കീടനാശിനിയായി ഉപയോഗിക്കുന്ന വിഷത്തിന്റെ കുപ്പിയാണ് കണ്ടെത്തിയിട്ടുള്ളത്. പത്ത് അടി താഴ്ചയില്‍ നിര്‍മ്മിച്ചിരിക്കുന്ന പടുതാകുളത്തില്‍ രണ്ട് ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നു. കനത്ത ജലക്ഷാമം അനുഭവപെടുന്ന പ്രദേശമാണിവിടം. 

കൊടും വേനലില്‍ കൃഷി ജോലികള്‍ക്കാവശ്യമായ വെള്ളം പടുതാകുളം നിര്‍മ്മിച്ച് മുന്‍കൂട്ടി സംഭരിച്ചതായിരുന്നു. വിഷം കലരുകയും മീനുകള്‍ ചത്ത് പൊങ്ങി ദുര്‍ഗന്ധം വമിയ്ക്കുകയും ചെയ്യുന്നതോടെ വെള്ളം ഒഴുക്കി കളയേണ്ട അവസ്ഥയാണുള്ളത്. സിലോപ്പിയ, ഗോള്‍ഡ്ഫിഷ്, കടഌതുടങ്ങിയ വിവിധ ഇനങ്ങളില്‍ പെട്ട മീനുകളാണ് പടുതാകുളത്തില്‍ ഉണ്ടായിരുന്നത്. അരകിലോയോളം തൂക്കം വെച്ച മീനുകളും കുളത്തില്‍ ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ വിളവെടുപ്പ് നടത്താനിരിക്കെയാണ് ഇവ ചത്ത് പൊങ്ങിയത്. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com