റോഡരികില്‍ കഞ്ചാവ് ചെടികള്‍ ; അമ്പരന്ന് പൊലീസ്

റോഡരികിലും കഞ്ചാവ് ചെടികള്‍ സുലഭമായി കണ്ടെത്തുന്നതാണ്  പൊലീസിനെയും എക്‌സൈസിനെയും അമ്പരപ്പിക്കുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി : വീട്ടുവളപ്പില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് തൈകള്‍ എക്‌സൈസും പൊലീസും പിടികൂടി നശിപ്പിക്കുന്ന വാര്‍ത്ത നാം അടുത്തിടെ സ്ഥിരമായി കേള്‍ക്കാറുണ്ട്. കാട്ടില്‍ രഹസ്യമായി വളര്‍ത്തുന്ന കഞ്ചാവ് തോട്ടങ്ങള്‍ വനം വകുപ്പ് നശിപ്പിക്കുന്ന വാര്‍ത്തയും നമുക്ക് അത്ര പുതുമയില്ല.

എന്നാല്‍ ഇപ്പോള്‍ റോഡരികിലും കഞ്ചാവ് ചെടികള്‍ സുലഭമായി കണ്ടെത്തുന്നതാണ്  പൊലീസിനെയും എക്‌സൈസിനെയും അമ്പരപ്പിക്കുന്നത്. കൊച്ചി, തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം മുതല്‍ ഇതുവരെ അഞ്ചിലേറെ സ്ഥലങ്ങളില്‍ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉദയം പേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ട് ചെടികള്‍ കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ എക്‌സൈസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ചെടികളാണ് ഇവിടെ കണ്ടത്.

സമീപത്ത് ജമന്തി ഉള്‍പ്പടെയുള്ള ചെടികള്‍ നില്‍ക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര വേഗം മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. നേരത്തെ തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്ന് നാലു ചെടികള്‍ കണ്ടെത്തിയിരുന്നു. മുമ്പ് തിരുവാങ്കുളം പ്രദേശത്ത് റോഡരികില്‍ നിന്ന് ഏഴു ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.. കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂര്‍ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്തെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘമാണ് വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. പൊലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com