ലാവലിന്‍ കേസ് മാറ്റണമെന്ന് വീണ്ടും സിബിഐ ; വിമര്‍ശനവുമായി സുപ്രീംകോടതി ; ഇനി ജനുവരിയില്‍

ജനുവരി ഏഴിനകം രേഖകള്‍ നല്‍കണമെന്നും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി
ലാവലിന്‍ കേസ് മാറ്റണമെന്ന് വീണ്ടും സിബിഐ ; വിമര്‍ശനവുമായി സുപ്രീംകോടതി ; ഇനി ജനുവരിയില്‍

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. നിരന്തരം കേസ് മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. 

മറ്റ് കേസുകളില്‍ വാദം നടക്കുന്നതിനാല്‍ ലാവലിന്‍ കേസ് മാറ്റിവെക്കണമെന്നാണ് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടത്. മറ്റു കേസുകള്‍ എല്ലായിപ്പോഴും ഉണ്ടാകുമെന്നും അതിന്റെ പേരില്‍ കേസ് മാറ്റിവെക്കുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് യു യു ലളിത് ചൂണ്ടിക്കാട്ടി. 

ജനുവരി ഏഴിന് അവസാനത്തെ കേസായി ലാവലിന്‍ കേസ് പരിഗണിക്കാനും കോടതി തീരുമാനിച്ചു. ജസ്റ്റിസ് എന്‍വി രമണയുടെ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചിലേക്ക് എത്തിയശേഷം നാലാം തവണയാണ് സിബിഐ ആവശ്യം അംഗീകരിച്ച് ലാവലിന്‍ കേസ് മാറ്റുന്നത്. 

ജനുവരി ഏഴിനകം രേഖകള്‍ നല്‍കണമെന്നും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലും, കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച മൂന്ന് ഹര്‍ജികളുമാണ് കോടതി പരിഗണിച്ചത്. 

പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി ലാവലിന്‍ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. അതേസയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസന്‍, കെ.ജി.രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com