സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹം ; സ്പീക്കറും ചില മന്ത്രിമാരും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്തുകേസിന്റെയും അനുബന്ധ കേസുകളുടെയും പ്രധാനപ്പെട്ട ഗുണഭോക്താവ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്
സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹം ; സ്പീക്കറും ചില മന്ത്രിമാരും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചെന്ന് കെ സുരേന്ദ്രന്‍

കൊച്ചി : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സ്പീക്കറും ചില മന്ത്രിമാരും സ്വര്‍ണക്കടത്തുകാരെ സഹായിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണ്. ഒന്നും രണ്ടുമല്ല നിരവധി വിദേശയാത്രകളാണ് സ്പീക്കര്‍ നടത്തിയത്. ഉന്നത പദവികളുടെ മഹത്വം സര്‍ക്കാര്‍ കളങ്കപ്പെടുത്തിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണക്കടത്തുകേസിന്റെയും അനുബന്ധ കേസുകളുടെയും പ്രധാനപ്പെട്ട ഗുണഭോക്താവ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്.

മുഖ്യമന്ത്രിയാണ് സ്വര്‍ണക്കടത്തുകേസിന്റെ പ്രധാന കുറ്റാരോപിതന്‍. സ്വര്‍ണ കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാന്‍ ഇത്തരം പ്രധാന പദവികളില്‍ ഇരിക്കുന്നവര്‍ തയ്യാറായത് ഞെട്ടിക്കുന്നതാണ്. കള്ളക്കടത്തുകാരെ സഹായിക്കാന്‍ അധികാര ദുര്‍വിനിയോഗം ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോടതി പ്രതികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പറയുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അഴിമതിയെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് സര്‍ക്കാരിനെ നേരിടാനുള്ള ത്രാണിയില്ല. സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെപ്പോലെ എല്‍ഡിഎഫുമായി ഒത്തു കളിക്കുന്ന വേറൊരു നേതാവില്ല. അദ്ദേഹത്തിന്റേത് വെറും പ്രസ്താവനകള്‍ മാത്രമാണ്. പാലാരിവട്ടം പാലം ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ മുസ്ലിം ലീഗിലെ ഉന്നത നേതാക്കള്‍ മാത്രമല്ല, കോണ്‍ഗ്രസിലെ പലരും അകത്താകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

അഞ്ചു ജില്ലകളിലായി ഇന്നു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളിലെ പോളിങിന്റെ വര്‍ധന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കുമെതിരെ ശക്തമായ ജനവികാരമുണ്ട് എന്നാണ് കാണിക്കുന്നത്. കോവിഡ് ആശങ്ക കാരണം പോളിങ് കുറയുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ് ബുദ്ധിമട്ടുകള്‍ മാറ്റിവെച്ച് ജനങ്ങള്‍ കൂട്ടത്തോടെ പോളിങ് കേത്ത്രിലേക്കെത്തുന്നത് ആവേശകരമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയം എടുത്തു കളഞ്ഞ് സ്വകാര്യവല്‍ക്കരിച്ചത് യുപിഎ സര്‍ക്കാരാണ്. ആ കോണ്‍ഗ്രസിന് ഇതിനെക്കുറിച്ച് പറയാന്‍ എന്താണ് അവകാശം. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ സമരം ചെയ്യും. ഇപ്പോള്‍ വണ്ടി ഉന്താന്‍ വേറെ ആള്‍ ഉണ്ടെല്ലോ. പെട്രോള്‍ വില വര്‍ധവിനെ കുറിച്ചുള്ള ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി ഇപ്രകാരമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com