മാധ്യമപ്രവര്‍ത്തകനെ ഇടിച്ചിട്ട ലോറി കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2020 02:44 PM  |  

Last Updated: 15th December 2020 02:44 PM  |   A+A-   |  

journalist

എസ് വി പ്രദീപ്‌

 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. അപകടത്തിന് ഇടയാക്കിയ ലോറിയും പൊലീസ് പിടിച്ചെടുത്തു. നേമം പൊലീസ് സ്റ്റേഷനിലേക്കാണ് വാഹനം കൊണ്ടുപോയത്. 

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. വണ്‍വേയില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചത്. സംഭവത്തിന് പിന്നാലെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വാഹനം തിരിച്ചറിഞ്ഞത്. മണല്‍ കയറ്റിയ ലോറിയായിരുന്നു. നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്കാണ് വാഹനം പോയത്. തുടര്‍ന്ന് പൊലീസ് വ്യാപകമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്. ഇഞ്ചക്കല്‍ ഭാഗത്ത് നിന്നാണ് ഡ്രൈവറെ പിടികൂടിയത്. നിലവില്‍ ഇയാളെ എസിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.