പ്രതിഷേധത്തില്‍ 'പാര്‍ട്ടി കല്‍പ്പന' വഴിമാറി; ആലപ്പുഴയില്‍ അധ്യക്ഷ സ്ഥാനം പങ്കിടും; സൗമ്യക്കും ജയമ്മയ്ക്കും രണ്ടര വര്‍ഷം വീതം

ഏരിയ കമ്മിറ്റി അംഗവുമായ ജയമ്മയെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ തഴഞ്ഞത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
ജയമ്മയെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് / ടെലിവിഷന്‍ ചിത്രം
ജയമ്മയെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് / ടെലിവിഷന്‍ ചിത്രം

ആലപ്പുഴ : നഗരസഭ ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രതിഷേധത്തിന് പിന്നാലെ ആലപ്പുഴയില്‍ സമവായം. നഗരസഭ ചെയര്‍പേഴ്‌സണായി പാര്‍ട്ടി നിശ്ചയിച്ച സൗമ്യ രാജിനും, മുതിര്‍ന്ന നേതാവ് കെ കെ ജയമ്മയ്ക്കും ചെയര്‍പേഴ്‌സണ്‍ കാലാവധി പകുതി വീതം നല്‍കാനാണ് തീരുമാനമായത്. ആദ്യത്തെ രണ്ടര വര്‍ഷം സൗമ്യ രാജിനും അവശേഷിക്കുന്ന രണ്ടര വര്‍ഷം ജയമ്മയ്ക്കും നല്‍കും. 

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സമവായ നീക്കം നടത്തിയത്. ഇതിന് അനുമതി തേടി സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജില്ലാ സെക്രട്ടറി നാസര്‍ സൂചിപ്പിച്ചു. 

സൗമ്യ രാജ്, ജയമ്മ എന്നിവർ
സൗമ്യ രാജ്, ജയമ്മ എന്നിവർ

മുതിര്‍ന്ന നേതാവും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായ ജയമ്മയെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ തഴഞ്ഞത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സിപിഎം കൊടിയുമേന്തി നഗരത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യപ്രതിഷേധത്തിന് മുതിര്‍ന്നിരുന്നു. 

ഇതേത്തുടര്‍ന്ന് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി ഇടപെട്ട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളോട് 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com