മോഷണം നടത്തി ആഡംബര ജീവിതം, 21 കേസുകളില്‍ പ്രതി; തലശേരിയില്‍ നിന്ന് കാണാതായ യുവതിക്കൊപ്പം കൊച്ചിയില്‍ പിടിയില്‍

ലുലു മാളിന് സമീപത്തെ ആഡംബര വീട്ടില്‍ താമസിച്ചുവരികയായിരുന്നു
മോഷണം നടത്തി ആഡംബര ജീവിതം, 21 കേസുകളില്‍ പ്രതി; തലശേരിയില്‍ നിന്ന് കാണാതായ യുവതിക്കൊപ്പം കൊച്ചിയില്‍ പിടിയില്‍

കൊച്ചി; നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അവസാനം പൊലീസ് പിടിയില്‍. 24 കാരനായ താമരശ്ശേരി അടിവാരം ആലമ്പാടി വീട്ടില്‍ ശിഹാബുദ്ദീനാണ് എറണാകുളത്ത് നിന്നും കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. പുളിക്കല്‍ പെരിയമ്പലത്തെ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ലുലു മാളിന് സമീപത്തെ ആഡംബര വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

പത്ത് ദിവസം മുന്‍പാണ് ടര്‍ഫ് ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നവരുടെ വില പിടിപ്പുള്ള മൊബൈലുകളും ഗൂഗിള്‍ വാച്ചുകളും 20,000 രൂപയും മോഷണം പോയത്. സി ടി വി ദൃശ്യങ്ങളില്‍ ചുവന്ന കാറിനെ കുറിച്ച് വിവരം ലഭിച്ചു. കാറുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഈ കാറിലെത്തിയ ഒരാള്‍ മലപ്പുറത്തെ ഒരു ലോഡ്ജില്‍ കഴിഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് ശിഹാബ് എറണാകുളത്ത ലുലു മാളിന് സമീപം ആഢംബര വീട്ടില്‍ താമസിക്കുന്നുണ്ടെന്ന് മനസ്സിലായത്.

പൊലീസ് എത്തുമ്പോള്‍ ഇയാള്‍ ലുലു മാളില്‍ പോയിരിക്കുകയായിരുന്നു. ഇയാള്‍ മടങ്ങിയെത്തും വരെ പൊലീസ് കാത്തു നിന്നു. ഇയാള്‍ വീട്ടിലെത്തിയതും പൊലീസും അവിടെ എത്തി. എന്നാല്‍ പ്രതി അകത്ത് നിന്ന് പൂട്ടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് അകത്തു കയറി.  ഒരു യുവതിക്കൊപ്പമായിരുന്നു ശിഹാബ്  ഇവിടെ താമസിച്ചിരുന്നത്.

യുവതിയെ പൊലീസ് ചോദ്യം ചെയ്തതോടെ താമരശ്ശേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ യുവതിയാണെന്ന് വ്യക്തമായി. എറണാകുളത്തെ ഇയാളുടെ താമസസ്ഥലത്തു നിന്ന് നിരവധി മൊബൈലുകളും ലാപ് ടോപ്പുകളും കണ്ടെടുത്തു. പെരിയമ്പലത്തു നിന്നു മോഷണം പോയ പണവും വസ്തുക്കളുമുള്‍പ്പടെ മോഷണം പോയ മുഴുവന്‍ വസ്തുക്കളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിലായി 21 ഓളം മോഷണ കേസുകളിലെ പിടികിട്ടാപുള്ളിയാണ് ശിഹാബുദ്ദിന്‍. മോഷണ വസ്തുക്കള്‍ വിറ്റ് സ്ത്രീകളുമൊത്ത് ആഢംബര ജീവിതം നയിക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com