പൗരത്വനിയമം ബിജെപി വിശദീകരിച്ചു; വ്യാപാരികള്‍ ഷട്ടറിട്ടു; ഞൊടിയിടയില്‍ പ്രദേശം വിജനം

പരിപാടിക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കസേരകള്‍ നിരത്താന്‍ തുടങ്ങിയപ്പോഴാണ് കടക്കാര്‍ കടക്ക് ഷട്ടറിട്ടത്. തുടര്‍ന്ന് പ്രദേശവാസികളും വീട് വിട്ടിറങ്ങാന്‍ തയ്യാറായില്ല
പൗരത്വനിയമം ബിജെപി വിശദീകരിച്ചു; വ്യാപാരികള്‍ ഷട്ടറിട്ടു; ഞൊടിയിടയില്‍ പ്രദേശം വിജനം

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയെക്കുറിച്ച് അമ്പലപ്പുഴയിലെ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതിനായി ബിജെപി സംഘടിപ്പിച്ച 'ജനജാഗ്രതാ സദസി'ന് തിരിച്ചടി. ബിജെപിയുടെ ഈ ശ്രമം ബഹിഷ്‌ക്കരിച്ചും, കടകള്‍ അടച്ചുകൊണ്ടുമാണ് നാട്ടുകാര്‍ പ്രതികരിച്ചത്. അമ്പലപ്പുഴ വളഞ്ഞവഴിയിലാണ് ബിജെപി മണ്ഡലം കമ്മിറ്റി പരിപാടി സംഘടിപ്പിച്ചിരുന്നത്. പാര്‍ട്ടിയുടെ പരിപാടി ആരംഭിക്കുന്നതിന് മുന്‍പേതന്നെ സമീപത്തെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ടുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

പരിപാടിക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കസേരകള്‍ നിരത്താന്‍ തുടങ്ങിയപ്പോഴാണ് കടക്കാര്‍ കടക്ക് ഷട്ടറിട്ടത്. തുടര്‍ന്ന് പ്രദേശവാസികളും വീട് വിട്ടിറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആക്രമം ഉണ്ടാകുമെന്ന് ഭയന്ന ബിജെപിക്കാര്‍ പൊലീസിനെ സഹായത്തിന് വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് ബസും സ്ഥലത്തേക്ക് എത്തിയിരുന്നു. നിയമഭേദഗതിയില്‍ വിശദീകരണം നല്‍കുന്നതിനായി ഇവിടേക്കെത്തിയ ബിജെപി നേതാവ് എംടി രമേശിന് മുന്‍പില്‍ ശ്രോതാക്കളായി ഉണ്ടായിരുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രമായിരുന്നു.

എംടി രമേശ് ഒടുവില്‍ സ്വന്തം പാര്‍ട്ടിക്കാരോട് മാത്രമായി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച ശേഷം മടങ്ങുകയായിരുന്നു. രാജ്യത്തെ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണം നടത്തി സി.പി.എമ്മും കോണ്‍ഗ്രസും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പരിപാടി നടത്തും മുന്‍പ് ഇതുസംബന്ധിച്ചുള്ള പ്രചാരണം ബിജെപി വ്യാപകമായി നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ ഈ തിരിച്ചടി പാര്‍ട്ടിക്ക് നാണക്കേടായി മാറിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com