'നിങ്ങൾ പാക്കിസ്ഥാൻകാരാണോ?' ചായ കുടിക്കാൻ റോഡിലിറങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് പൊലീസ് മർദനം (വിഡിയോ)

ബെംഗളൂരുവിൽ സോഫ്റ്റ്വെയർ വിദ്യാർത്ഥിയായ കണ്ണൂർ സ്വദേശിക്കും സഹോദരനും മറ്റൊരു സുഹൃത്തിനുമാണ് ദുരനുഭവം നേരിട്ടത്
'നിങ്ങൾ പാക്കിസ്ഥാൻകാരാണോ?' ചായ കുടിക്കാൻ റോഡിലിറങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് പൊലീസ് മർദനം (വിഡിയോ)

ബെംഗളൂരു: ചായ കുടിക്കാൻ പുലർച്ചെ ഒരുമണിക്ക് റോഡിലിറങ്ങിയ മൂന്നു മലയാളി വിദ്യാർഥികളെ പാക്കിസ്ഥാൻകാരാക്കി ബെംഗളൂരു പൊലീസ്. ബെംഗളൂരുവിൽ സോഫ്റ്റ്വെയർ വിദ്യാർത്ഥിയായ കണ്ണൂർ സ്വദേശിക്കും സഹോദരനും മറ്റൊരു സുഹൃത്തിനുമാണ് ദുരനുഭവം നേരിട്ടത്. ഈസ്റ്റ് ബെംഗളൂരുവിലുള്ള ഫ്ലാറ്റിലാണ് ഇവർ താമസിക്കുന്നത്.

'എന്തിനാണ് രാത്രി വൈകി റോഡിൽ ഇറങ്ങി നടക്കുന്ന'തെന്ന് ചോദിച്ചാണ് പൊലീസുകാർ ഇവർക്കരികിലേക്ക് എത്തിയത്. തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ മുസ്ലീം ആണെന്ന് ‌കണ്ടതോടെ 'നിങ്ങൾ പാക്കിസ്ഥാനിൽ നിന്നാണോ' എന്നായി ചോദ്യം. വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവം വിഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസുകാർ വിദ്യാർത്ഥികളോട് കയർക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതിൽ നിന്ന് തടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഫോൺ പിടിച്ചുവാങ്ങാനും പൊലീസ് ശ്രമം നടത്തിയതായി വിദ്യാർത്ഥികൾ ആരോപിച്ചു. ഫോൺ പരിശോധിക്കാൻ വാറണ്ട് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ  നിങ്ങൾ പാക്കിസ്ഥാൻകാരല്ലെയെന്നു  ആക്രോശിക്കുകയായിരുന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. കൂടുതൽ പൊലീസുകാരെ വരുത്തി വിദ്യാർഥികളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.

സ്റ്റേഷനിൽ വച്ച് തങ്ങളെ ലാത്തി ഉപയോഗിച്ച് മർദിച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കുമെന്നും ഇന്റേൻഷിപ്പ് തടസ്സപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ ആരോപിച്ചു. ഇവർക്ക് കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വെളുപ്പിനെ 3.30 ന് വിദ്യാർഥികളിൽ ഒരാളുടെ രക്ഷിതാവ് വന്നതിനു ശേഷമാണ് ഇവരെ വിടാൻ പൊലീസ് തയാറായത്.

രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നു വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങി. അർധരാത്രി ഇറങ്ങി നടന്നാൽ പൊലീസിന് എന്ത് നടപടിയും എടുക്കാമെന്ന രേഖയിലാണ് ഒപ്പിടീച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. കന്നഡയിലെഴുതിയ ഒരു രേഖയിലും ഒപ്പിടാൻ ആവശ്യപ്പെട്ടതായും ഇവർ പറയുന്നു. പ്രശ്നങ്ങൾ സൃഷ്ടിച്ചെന്ന പേരിൽ 500 രൂപ പിഴയും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കി. വിഡിയോ പ്രചരിച്ചതോടെ ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com