അപകടത്തില്‍ യാത്രക്കാരന്‍ തെറിച്ചുപോയി, ബൈക്ക് തനിയെ ഓടി റോഡ് മുറിച്ചു കടന്ന് ഒരാളെ ഇടിച്ചുവീഴ്ത്തി; ഓടിയത് 100 മീറ്ററോളം

ബൈക്ക് ആളില്ലാതെ ഓടിവന്ന് റോഡ് മുറിച്ചു കടന്ന് ടെല്‍ക്ക് കമ്പനി ഗേറ്റിനകത്തുനിന്ന സെക്യൂരിറ്റിക്കാരനെ ഇടിച്ചുവീഴ്ത്തിയത്
അപകടത്തില്‍ യാത്രക്കാരന്‍ തെറിച്ചുപോയി, ബൈക്ക് തനിയെ ഓടി റോഡ് മുറിച്ചു കടന്ന് ഒരാളെ ഇടിച്ചുവീഴ്ത്തി; ഓടിയത് 100 മീറ്ററോളം

അങ്കമാലി; അപകടത്തില്‍പ്പെട്ട ബൈക്ക് തനിയെ 100 മീറ്ററോളം ഓടി മറ്റൊരാളെ ഇടിച്ചുവീഴ്ത്തി. അങ്കമാലി ടെല്‍ക് ജംഗ്ഷനിലാണ് വ്യത്യസ്തമായ അപകടമുണ്ടായത്. ടെല്‍ക് മേല്‍പ്പാലത്തില്‍ അപകടത്തില്‍പ്പെട്ട ബൈക്ക് ഓടിച്ചിരുന്ന ആള്‍ തെറിച്ചു റോഡില്‍ വീഴുകയായിരുന്നു. തുടര്‍ന്നാണ് ബൈക്ക് ആളില്ലാതെ ഓടിവന്ന് റോഡ് മുറിച്ചു കടന്ന് ടെല്‍ക്ക് കമ്പനി ഗേറ്റിനകത്തുനിന്ന സെക്യൂരിറ്റിക്കാരനെ ഇടിച്ചുവീഴ്ത്തിയത്.

സെക്യൂരിറ്റി ഓഫീസിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സുരേന്ദ്രന്‍ നായര്‍ക്കാണ്(50) പരിക്കേറ്റത്. ബ്രേക്ക് തകരാറായതിനെ തുടര്‍ന്നാണ് ബൈക്കിന്റെ നിയന്ത്രണം വിട്ടത്. ഏറെനേരം കാത്തുനിന്ന് കുറുകെ കടക്കാനാവുന്ന തിരക്കു നിറഞ്ഞ ദേശിയ പാത അനായാസം കടന്നാണ് ബൈക്ക് അപകടമുണ്ടാക്കിയത്. ടെല്‍ക്ക് ഗെയ്റ്റിലെ പോസ്റ്റ് കാരണം യാത്രക്കാരന്‍ ഇരുന്ന് ഓടിച്ചുകയറ്റിയാല്‍ പോലും ടെല്‍ക്കിന്റെ ചെറിയ ഗെയ്റ്റ് കടക്കാന്‍ പ്രയാസമാണ്. ഒരാള്‍ക്ക് കഷ്ടി കടന്നുപോകാവുന്ന ഇടുങ്ങിയ ഗേറ്റിലൂടെ കയറിയാണ് ബൈക്ക് അപകടമുണ്ടാക്കിയത്. ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ സുരേന്ദ്രനെ പുറകില്‍ നിന്ന് ബൈക്ക് ഇടിക്കുകയും ശരീരത്തിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.

കൊയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരന്‍ കൊയമ്പത്തൂര്‍ സ്വദേശി ദിനേഷ് കുമാറിന്റേതായിരുന്നു ബൈക്ക്. ദിനേഷ് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ള ദിനേഷ്‌കുമാറിന് ശസ്ത്രക്രിയ ചെയ്തു. സുരേന്ദ്രനെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com