'അത് എന്റെ അമ്മയാണ്' ; ലൈലാമണിയെത്തേടി മകന്‍ എത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 09:58 AM  |  

Last Updated: 18th January 2020 10:05 AM  |   A+A-   |  

 

കട്ടപ്പന: അടിമാലിയില്‍ പൂട്ടിയിട്ട കാറില്‍ കണ്ടെത്തിയ രോഗിയായ അമ്മയെ തേടി മകന്‍ എത്തി. അടിമാലി പൊലീസ് സ്റ്റേഷനിലാണ് ലൈലാ മണിയുടെ മകനായ മഞ്ജിത്ത് എത്തിയത്. വാര്‍ത്തകള്‍ കണ്ടാണ് മകന്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസമാണ് രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി ടൗണിന് സമീപം ദേശീയ പാതയിലാണ് വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ കാറില്‍ കഴിയുകയായിരുന്നു. 

ഓട്ടോെ്രെഡവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വയനാട് സ്വദേശിനിയായ ലൈലാ മണി(55)യെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിരിക്കുകയാണെന്ന് വ്യക്തമായി. 

കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വയനാട് സ്വദേശിയായ മാത്യുവാണ് ഇവരുടെ ഭര്‍ത്താവെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. 

താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്. ഇവരുടെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

വാഹനത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ പൊലീസ് വിളിച്ചെങ്കിലും പൊലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്പറാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. മനഃപൂര്‍വം ഇയാള്‍ വീട്ടമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരട്ടയാറിലുള്ള മകനെ കണ്ടെത്താനും കട്ടപ്പന അടിമാലി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.