നടിയെ ആക്രമിച്ച കേസ് : രഹസ്യ വിചാരണ ഇന്നുമുതല്‍ ; ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

 പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ. കേസില്‍ ദിലീപ് എട്ടാംപ്രതിയാണ്
നടിയെ ആക്രമിച്ച കേസ് : രഹസ്യ വിചാരണ ഇന്നുമുതല്‍ ; ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി കണക്കാക്കി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. താന്‍ വാദിയായും പ്രതിയായുമുള്ള കേസുകള്‍ ഒരേസമയം വിചാരണ ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ജസ്റ്റിസ് പി ബി സുരേഷ്‌കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്.

പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ ജയിലില്‍ ഗൂഢാലോചന നടത്തി പണം ആവശ്യപ്പെട്ട് തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടത് മുന്‍പേയുള്ള കരാര്‍ പ്രകാരമുള്ള പണത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. യുവനടിയെ ആക്രമിച്ച കേസില്‍ വ്യാഴാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജിയുമായി ദിലീപ് എത്തിയത്.

കേസില്‍ യഥാക്രമം ഒന്ന്, ഒന്‍പത്, 10 പ്രതികളായ പള്‍സര്‍ സുനി, സനല്‍കുമാര്‍, വിഷ്ണു എന്നിവര്‍ ജയിലില്‍ ഗൂഡാലോചന നടത്തി തന്നെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്ന് ദിലീപ് വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇത് നിഷേധിച്ചു. ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ടെത്തി  തള്ളിയതാണ്. ദിലീപിനെ ഭീഷണിപ്പെടുത്താന്‍ ജയിലില്‍ രണ്ടാമതൊരു ഗൂഢാലോചന നടന്നിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പണംസമ്പാദിക്കാനായി പള്‍സര്‍ സുനി അടക്കമുള്ള മൂന്നുപ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയതായി കുറ്റപത്രത്തില്‍ 15,16 നമ്പറുകളായി ചേര്‍ത്തിരിക്കുന്ന ചാര്‍ജുകള്‍ ഒഴിവാക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജയിലില്‍ ഗൂഢാലോചന നടന്നതായുള്ള 14ാമത്തെ കുറ്റം ഒഴിവാക്കാനാവില്ലെന്നും ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

അതിനിടെ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ രഹസ്യവിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് തുടങ്ങും. പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ.കേസില്‍ നടന്‍ ദിലീപ് എട്ടാംപ്രതിയാണ്. ഒന്നാംപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ പത്തുപ്രതികളും 300 സാക്ഷികളുമാണുള്ളത്.

ആക്രമിക്കപ്പെട്ട നടിയെയാണ് ആദ്യം വിചാരണയ്ക്ക് വിളിച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചുവരെ ഇവരെ പ്രോസിക്യൂഷന് വിചാരണ ചെയ്യാം. തുടര്‍ന്ന് പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും. സാക്ഷികളില്‍ 135 പേരെ ആദ്യം വിസ്തരിക്കും. പള്‍സര്‍ സുനിയെക്കൂടാതെ മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലിം, പ്രദീപ്, ചാര്‍ലി തോമസ്, സനല്‍കുമാര്‍, വിഷ്ണു എന്നിവരാണ് മറ്റ് പ്രതികള്‍.

2017 ഫെബ്രുവരി 17ന് രാത്രിയിലാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി കാറില്‍വെച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നടന്‍ ദിലീപിന്റെ ക്വട്ടേഷനാണെന്നാണ് ആരോപണം. കേസില്‍ മൂന്നുമാസത്തോളം ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്നു. കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com