അപകടകരമായ സാഹചര്യം; തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണമെന്ന് മേയർ

അപകടകരമായ സാഹചര്യം; തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണമെന്ന് മേയർ
അപകടകരമായ സാഹചര്യം; തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണമെന്ന് മേയർ

തിരുവനന്തപുരം: ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഇന്ന് ഒൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നാല് കേസുകളുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ബാലരാമപുരം സ്വദേശി, തുമ്പ സ്വദേശി, സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരനായ അസം സ്വദേശി, വഞ്ചിയൂർ കുന്നുംപുറത്ത് ലോട്ടറി വിൽപനക്കാരനായ 45-കാരൻ എന്നിവരുടെ രോഗത്തിന്റെ ഉറവിടമാണ് കണ്ടെത്താൻ സാധിക്കാത്തത്. 

അസം സ്വദേശി ജോലി ചെയ്തിരുന്ന പാളയത്തെ സാഫല്യം കോംപ്ലക്‌സ് ഏഴ് ദിവസത്തേക്ക് അടച്ചിടാൻ നഗരസഭ തീരുമാനിച്ചതായി മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഫല്യം കോംപ്ലക്‌സിന്റെ പരിസരത്തുള്ള പാളയം മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. മാർക്കറ്റിന്റെ മുൻവശത്തെ ഗേറ്റ് മാത്രമേ തത്കാലം തുറക്കുകയുള്ളൂ. പുറകിലുള്ള ഗേറ്റ് അടയ്ക്കും. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കൗണ്ടർ പാളയം മാർക്കറ്റിന്റെ മുന്നിൽ സ്ഥാപിക്കും. വളരെ കുറച്ച് ആളുകളെ മാത്രമേ കടത്തിവിടുകയുള്ളൂ.

നഗരത്തിലെ മുഴുവൻ സൂപ്പർ മാർക്കറ്റുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തും. വഞ്ചിയൂർ, കുന്നുംപുറം മേഖല കണ്ടെയ്ൻമെന്റ് സോണായി മാറാനുള്ള തീരുമാനം വരാൻ പോവുകയാണ്. അതിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ ഉണ്ടാകുമെന്നും മേയർ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ പൊതുജനങ്ങൾ എത്തിച്ചേരാൻ സാധ്യതയുള്ള ഓഫീസുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം എടുക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർഥിക്കുകയാണെന്ന് മേയർ പറഞ്ഞു. ബസ് സ്റ്റോപ്പുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊലീസ് അടക്കമുള്ള സംവിധാനങ്ങളോട് ആവശ്യപ്പെടുമെന്നും മേയർ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com