സാമൂഹിക വ്യാപന ഭീഷണി : ചെല്ലാനത്ത് വ്യാപക ആന്റിജന്‍ പരിശോധന നടത്തുന്നു ; റിസള്‍ട്ട് ഒരു ദിവസത്തിനകം

മൊബൈല്‍ ലാബ് എത്തി ആളുകളുടെ സ്രവസാമ്പിള്‍ ശേഖരിക്കും. ഫലം ഒരു ദിവസത്തിനകം ലഭ്യമാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു
സാമൂഹിക വ്യാപന ഭീഷണി : ചെല്ലാനത്ത് വ്യാപക ആന്റിജന്‍ പരിശോധന നടത്തുന്നു ; റിസള്‍ട്ട് ഒരു ദിവസത്തിനകം

കൊച്ചി : കൊച്ചി ചെല്ലാനത്ത് സാമൂഹികവ്യാപനം തടയാന്‍ ശക്തമായ നടപടിയുമായി ആരോഗ്യവകുപ്പ്. ചെല്ലാനത്ത് വ്യാപകമായി ആന്റിജന്‍ പരിശോധന നടത്താനാണ് തീരുമാനം. മൊബൈല്‍ ലാബ് എത്തി ആളുകളുടെ സ്രവസാമ്പിള്‍ ശേഖരിക്കും. ഫലം ഒരു ദിവസത്തിനകം ലഭ്യമാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ചെല്ലാനത്ത് രണ്ട് സ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് പണിക്കാരിയായ സ്ത്രീക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് എണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം പുറത്തുവന്നത്. ഇവരുടെ ഭര്‍ത്താവും മകനും മല്‍സ്യത്തൊഴിലാളികളാണ്.

ഇതേത്തുടര്‍ന്ന് ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ചെല്ലാനത്തിലെ 14, 15 വാര്‍ഡുകള്‍ അടക്കം കണ്ടെയ്ന്‍മെന്റ് സോണുകളാക്കുകയും ചെയ്തു. ഇവര്‍ ആദ്യം ചികില്‍സയ്ക്ക് എത്തിയ ചെല്ലാനത്തെ കോര്‍ട്ടിസ് ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തു. പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

അതിനിടെ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പരിശോധനകള്‍ കൂട്ടാന്‍ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി ഡിഎംഒ എസ് ശ്രീദേവി അറിയിച്ചു. രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇതുവഴി ദിവസം ശരാശരി 500 ടെസ്റ്റുകള്‍ വരെ നടത്താം. കളമശ്ശേരി മെഡിക്കല്‍ കോളജിലും റീജിയണല്‍ ലാബിലുമാകും ലാബുകള്‍ സ്ഥാപിക്കുകയെന്നും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com