പ്രായപൂർത്തിയാകും മുൻപ് ഒളിച്ചോടി, രണ്ട് മാസം മുൻപ് വിവാഹം, ഭാര്യയുടെ ആ​ഗ്രഹം സാധിച്ചുകൊടുക്കാനായില്ലെന്ന് കത്ത്; ദമ്പതികളുടെ മരണത്തിൽ ദുരൂഹത

താൻ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളിലാണെന്നും നിനക്ക് ഒരുപാട് ആ​ഗ്രഹങ്ങൾ കാണുമെന്നും എന്നാൽ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ലെന്നുമാണ് എഴുതിയിരിക്കുന്നത്
പ്രായപൂർത്തിയാകും മുൻപ് ഒളിച്ചോടി, രണ്ട് മാസം മുൻപ് വിവാഹം, ഭാര്യയുടെ ആ​ഗ്രഹം സാധിച്ചുകൊടുക്കാനായില്ലെന്ന് കത്ത്; ദമ്പതികളുടെ മരണത്തിൽ ദുരൂഹത

ആലപ്പുഴ; ചെന്നിത്തലയിലെ വാടകവീട്ടിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. തൃപ്പെരുന്തുറ കമ്യുണിറ്റി ഹാളിനു കിഴക്കുഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയിൽ ജിതിൻ(30), വെട്ടിയാർ തുളസി ഭവനിൽ ദേവികദാസ്(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ ദേവികയെ കട്ടിലിലും ജിതിനെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലും ആണ് കാണപ്പെട്ടത്. വീട്ടിൽ നിന്ന് രണ്ട് കത്തുകളും കണ്ടെത്തിയിട്ടുണ്ട്.

നീണ്ടനാളത്തെ പ്രണയത്തിനുശേഷം രണ്ട് മാസം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. തുടർന്ന് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. രണ്ടു വർഷം മുൻപ് ദേവിക ജിതിനോടൊപ്പം ഇറങ്ങിപ്പോയിരുന്നു. അന്നു ദേവികയ്ക്കു പ്രായപൂർത്തിയാകാത്തതിനാൽ ജിതിനെതിരെ പോക്സോ കേസ് ചുമത്തി. എന്നാൽ ജിതിനൊപ്പം പോകാനാണ് അന്ന് ദേവിക താൽപ്പര്യം പ്രകടിപ്പിച്ചത്. പ്രായപൂർത്തി ആകാത്തതിനാൽ കോടതി ചേർത്തലയിലെ ബാലമന്ദിരത്തിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ മാളിൽ ദേവിക ജോലി ചെയ്തു.  പ്രായപൂർത്തിയായ ശേഷം ദേവികയുടെ ആഗ്രഹപ്രകാരം ജിതിനൊപ്പം പോയി. മെയ് ആറിനാണ് പന്തളം സബ് രജിസ്ട്രാർ ഓഫിസിൽ വെച്ച് ഇവർ വിവാഹിതരാകുന്നത്.

പെയിന്റിങ് തൊഴിലാളിയായ ജിതിൻ ചൊവ്വാഴ്ച ജോലിക്ക് എത്തിയില്ല.  ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന്  കരാറുകാരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.  യുവതിയുടെ മുഖത്തും കഴുത്തിലും കൈമുട്ടിലും രക്തക്കറ കാണപ്പെട്ടു. മൃതദേഹം കാണപ്പെട്ട മുറിയിൽ നിന്ന് രണ്ട് കത്തുകളാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചാണ് കത്തുകളിൽ പറയുന്നത്.

ഒരു കത്ത് ദേവികയ്ക്ക് ജിതിൻ എഴുതിയതാണ്. താൻ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളിലാണെന്നും നിനക്ക് ഒരുപാട് ആ​ഗ്രഹങ്ങൾ കാണുമെന്നും എന്നാൽ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ലെന്നുമാണ് എഴുതിയിരിക്കുന്നത്. എന്നോട് ക്ഷമിക്കണമെന്നും കുറിച്ചിട്ടുണ്ട്. അതിനൊപ്പം കിട്ടിയ മറ്റൊരു കത്തിൽ ആ​ഗ്രഹിച്ച ജീവിതമല്ല തനിക്ക് ലഭിച്ചത് എന്നാണ് എഴുതിയിരിക്കുന്നത്. ഏറ്റവും മോശമായ സാഹചര്യത്തിലാണ് താൻ പോയത് എന്നാണ് എഴുതിയിരിക്കുന്നത്. മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്ന് മാന്നാർ സിഐ സി. ബിനു പറഞ്ഞു. ഫൊറൻസിക് പരിശോധനയ്ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com