ഫണ്ട് തിരിമറി; വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; കുറ്റപത്രം ബുധനാഴ്ച

ഫണ്ട് തിരിമറി; വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; കുറ്റപത്രം ബുധനാഴ്ച
ഫണ്ട് തിരിമറി; വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; കുറ്റപത്രം ബുധനാഴ്ച

ആലപ്പുഴ: കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ബുധനാഴ്ച അവസാനിക്കും. ബുധനാഴ്ച തന്നെ കുറ്റപത്രം കൊല്ലം സിജെഎം കോടതിയിൽ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.  

സിൽവർ ജൂബിലി ആഘോഷത്തിനായി പിരിച്ച പണത്തിൽ നിന്ന് വക മാറ്റിയ 55 ലക്ഷം തിരികെ എസ്എൻ ട്രസ്റ്റിൽ  അടച്ചു എന്ന് വെള്ളാപ്പള്ളി മൊഴി നൽകി. ഇതിനുള്ള രേഖകൾ തന്റെ പക്കൽ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു . ചൊവ്വാഴ്ച്ചയ്ക്കം എല്ലാ രേഖകളും ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ വെള്ളാപ്പള്ളി നടേശന് നിർദ്ദേശം നൽകി. പണാപഹരണം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വെള്ളാപ്പള്ളിക്കെതിരെ നിലനിൽക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ  വിലയിരുത്തൽ. 

1997- 98 കാലഘട്ടത്തിൽ എസ്എൻ കോളജ്  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത 1,02,61,296 രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നതാണ് കേസ്. ആഘോഷ കമ്മിറ്റിയുടെ കൺവീനറായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഫണ്ട് പിരിവ് പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് പൊരുത്തക്കേടുകൾ എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. 
എന്നാൽ ആരും പരസ്യമായി ചോദ്യം ചെയ്തില്ല. 

തുടർന്ന് ട്രസ്റ്റ് അംഗമായ പി  സുരേന്ദ്രബാബുവാണ് 2004 ൽ ഹർജിയുമായി കൊല്ലം സിജെഎം കോടതിയെ സമീപിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ക്രൈം ഡിറ്റാച്ച്മെൻറ് സംഘം പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകി. എന്നാൽ പൊലീസ് റിപ്പോർട്ട് കോടതി പൂർണമായി തള്ളി. 

തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ജൂൺ 22ന് ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com