കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

ആരോ​ഗ്യവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള 108 ആംബുലൻസുകളെല്ലാം ചെല്ലാനം ഉൾപ്പടെയുളള തീരമേഖലകളിൽ ആയിരുന്നതിനാലാണ് ആംബുലൻസ് വൈകിയതെന്നാണ് വിശദീകരണം
കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

കൊച്ചി; കോവിഡ് സ്ഥിരീകരിച്ച വ്യക്തിയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാൻ വൈകിയതായി പരാതി. പരിശോധന ഫലം പോസിറ്റീവാണെന്ന് അറിയിച്ചിട്ടും രോ​ഗിക്ക് രണ്ട് ദിവസം ആംബുലൻസിനായി കാത്തിരിക്കേണ്ടി വരികയായിരുന്നു. കാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള നാൽപ്പത്തഞ്ചുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്.

പച്ചക്കറി ചന്തയിലെ ജീവനക്കാരനായി ഇദ്ദേഹം. തിങ്കളാഴ്ചയാണ് സ്രവം പരിശോധനയ്ക്കെടുത്തത്. തുടർന്ന് ചൊവ്വാഴ്ചയോടെ ഫലം പോസിറ്റീവാണെന്ന അറിയിപ്പു കിട്ടി. ഉടനെ ആരോ​ഗ്യവിഭാ​ഗത്തെ അറിയിച്ചപ്പോൾ ആംബുലൻസ് അയക്കാമെന്നു പറഞ്ഞെങ്കിലും വൈകുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ആരോ​ഗ്യവകുപ്പിന് ഔദ്യോ​ഗികമായി പരിശോധന ഫലം ലഭിച്ചതെന്ന് പിന്നീട് വിശദീകരണമുണ്ടായി. അതിന് ശേഷവും ആംബുലൻസ് വരാതിരുന്നതോടെ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സന്നദ്ധ പ്രവർത്തകരും ആരോ​ഗ്യവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അൻവർ സാദത്ത് എംഎൽഎ ഇടപെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് ആംബുലൻസ് എത്തിയത്.

ആരോ​ഗ്യവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള 108 ആംബുലൻസുകളെല്ലാം ചെല്ലാനം ഉൾപ്പടെയുളള തീരമേഖലകളിൽ ആയിരുന്നതിനാലാണ് ആംബുലൻസ് വൈകിയതെന്നാണ് വിശദീകരണം. അതേസമയം പരിശോധനയ്ക്ക് സ്രവമെടുക്കുമ്പോൾ രോ​ഗികൾ പൂരിപ്പിച്ചു നൽകുന്ന ഫോമിൽ ഫോൺ നമ്പർ നൽകാതിരിക്കുകയോ തെറ്റായി നമ്പർ നൽകുകയോ ചെയ്താൽ രോ​ഗിയെ മാറ്റുന്നതിൽ കാലതാമസമുണ്ടാകുമെന്ന് ആരോ​ഗ്യവകുപ്പിൽ ആംബുലൻസുകളുടെ ചുമതലയുള്ളവർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com