പ്രതിദിന കോവിഡ് രോഗികളില്‍ മഹാരാഷ്ട്രയെ മറികടന്ന് ആന്ധ്ര; ഇന്ന് 10,376 രോഗികള്‍

ആന്ധ്രയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്‌ 
പ്രതിദിന കോവിഡ് രോഗികളില്‍ മഹാരാഷ്ട്രയെ മറികടന്ന് ആന്ധ്ര; ഇന്ന് 10,376 രോഗികള്‍

മുംബൈ: കോവിഡ് രോഗികളുടെ പ്രതിദിനകണക്കുകളില്‍ മഹാരാഷ്ട്രയെയും മറികടന്ന് ആന്ധ്രാപ്രദേശ്. ആന്ധ്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10,376 പേര്‍ക്കാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം പതിനായിരംകടക്കുന്നത്‌. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,40,933 ആയി.

ബുധനാഴ്ച 10,093 പേര്‍ക്കും വ്യാഴാഴ്ച 10,167 പേര്‍ക്കും ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയും കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നതോടെ മൂന്ന് ദിവസത്തിനിടെ 30,636 പുതിയ രോഗികളാണ് സംസ്ഥാനത്തുണ്ടായത്. ഇന്ന് 68 മരണങ്ങള്‍കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ മരണം 1349 ആയി. 

മഹാരാഷ്ട്രയില്‍ ഇന്ന് 10,320 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,22,118 ആയി. 265 മരണങ്ങള്‍കൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 14,994 ആയി. 7543 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,56,158 ആയി. 60.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 3.55 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.

മുംബൈയില്‍ ഇന്ന് 1100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 53 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,287 അയി. 87074 പേര്‍ മുംബൈയില്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ധാരാവിയില്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 77 ആക്ടീവ് കേസുകള്‍ മാത്രമാണ് നിലവില്‍ ധാരാവിയിലുള്ളത്.

തമിഴ്‌നാട്ടില്‍ ഇന്ന് 5881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 97 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,859 ആയി. 3935 ആണ് ആകെ മരണം. 1,83,956 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 57,968 ആണ് നിലവില്‍ തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകള്‍. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കേരളത്തില്‍നിന്ന് റോഡ് മാര്‍ഗം എത്തിയവരാണ്.

കര്‍ണാടകത്തില്‍ ഇന്ന് 5483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 84 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,115 ആയി. ആകെ മരണം 2314. ഇതുവരെ 49,788 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 72,005 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com