കോവിഡ് കാലത്ത് രണ്ട് മലയാളികള്‍ക്ക് 30 ലക്ഷം വീതം ഭാഗ്യസമ്മാനം

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ രണ്ടു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ക്ക് 30 ലക്ഷത്തോളം രൂപ വീതം ഭാഗ്യസമ്മാനം
കോവിഡ് കാലത്ത് രണ്ട് മലയാളികള്‍ക്ക് 30 ലക്ഷം വീതം ഭാഗ്യസമ്മാനം

ദുബൈ:  എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ രണ്ടു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ക്ക് 30 ലക്ഷത്തോളം രൂപ വീതം ഭാഗ്യസമ്മാനം. കോവിഡ് ദുരിത കാലത്ത് മലയാളികളായ മുനീര്‍ കുന്നത്ത് (40), അരുണ്‍ ഉണ്ണികൃഷ്ണപിള്ള (35) എന്നിവരെയാണ് സമ്മാനം തേടിയെത്തിയത്. അതേസമയം  ഇപ്രാവശ്യവും 100 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനത്തിന് ആരും അര്‍ഹനായില്ല.

ഭാഗ്യം കടാക്ഷിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത് സഹായകമാകുമെന്നും മുനീര്‍ പറഞ്ഞു. താന്‍ ഏറെ ഭാഗ്യവാനാണെന്നും ഈ സമ്മാനം കുടുംബത്തിന് താങ്ങാവുമെന്നുമായിരുന്നു ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്യുന്ന അരുണിന്റെ പ്രതികരണം. അഞ്ച് ഇന്ത്യക്കാര്‍ക്ക് പുറമേ ഒരു യുഎഇ സ്വദേശിയും ഒരു സിറിയന്‍ വംശജനും  30 ലക്ഷത്തോളം രൂപയുടെ സമ്മാനത്തിന് അര്‍ഹരായി.10 ലക്ഷം ദിര്‍ഹമുള്ള രണ്ടാം സമ്മാനം ഏഴു പേര്‍ പങ്കിട്ടെടുക്കുകയായിരുന്നു.

രണ്ടാം സ്ഥാനക്കാരനായ ഇന്ത്യക്കാരന്‍ നീരജ് തിവാരി(39) സമ്മാന വിവരം ലഭിച്ചപ്പോള്‍ ഇന്ത്യയില്‍ ക്വാറന്റീല്‍ കഴിയുകയാണ്. കഴിഞ്ഞ 12 വര്‍ഷമായി യുഎഇയിലുള്ള ഈ യുവാവ് കോവിഡിന് തൊട്ടുമുന്‍പ് അവധിയില്‍ നാട്ടിലെത്തിയതായിരുന്നു. നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരുന്ന നീരജിന് ഉടന്‍ തന്നെ ദുബായില്‍ നിന്ന് ഫോണ്‍ കോളും തുടര്‍ന്ന് ഇ-മെയിലും ലഭിച്ചു. വിജയ നമ്പര്‍ താന്‍ 100 പ്രാവശ്യമെങ്കിലും നോക്കി ഉറപ്പുവരുത്തിയിരിക്കുമെന്ന് നീരജ് സന്തോഷമടക്കാനാവാതെ പറഞ്ഞു. ദുബായില്‍ മെക്കാനിക്കായ പഞ്ചാബ് സ്വദേശി സുഖ് ജിന്ദര്‍ സിങ് (44) രണ്ടാം സമ്മാനം നേടിയ മറ്റൊരു ഇന്ത്യക്കാരന്‍.  

ഏപ്രില്‍ 18നായിരുന്നു പ്രതിവാര എമിറേറ്റ്‌സ് ലോട്ടോ ആരംഭിച്ചത്. ഓണ്‍ലൈനിലൂ(www.emiratesloto.com)ടെ 35 ദിര്‍ഹം വിലയുള്ള ടിക്കറ്റെടുക്കുമ്പോള്‍ 6 നമ്പരുകള്‍ ആണ് നല്‍കേണ്ടത്. ഒന്നിലേറെ ഭാഗ്യവാനെത്തിയാല്‍ തുക വീതിച്ച് നല്‍കും. 35 ദശലക്ഷം ദിര്‍ഹമായിരുന്നു ഒന്നാം സമ്മാനം. ഈ നറുക്കെടുപ്പിലും തുടര്‍ന്നുള്ള 3 നറുക്കെടുപ്പുകളിലും ആര്‍ക്കും ഒന്നാം സമ്മാനം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഓരോ നറുക്കെടുപ്പുകളിലും 5 ലക്ഷം ദിര്‍ഹം വീതം വര്‍ധിച്ച് 50 ദശലക്ഷത്തിലെത്തുകയായിരുന്നു. ഭാഗ്യം ആരെയെങ്കിലും കടാക്ഷിക്കുന്നത് വരെ ഇതേ തുകയായിരിക്കും ഒന്നാം സമ്മാനമായി ഉണ്ടാവുക. എല്ലാ ശനിയാഴ്ചയും രാത്രി 9ന് നടക്കുന്ന നറുക്കെടുപ്പ് www.emiratesloto.com എന്ന സൈറ്റില്‍ തത്സമയം കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com