ലോക്ക്ഡൗണ്‍ ഇളവില്‍ മോഷണം പോയി; 40 കാരന്‍ നെട്ടോട്ടമോടുകയാണ്, തന്റെ സൈക്കിള്‍ കണ്ടെത്താന്‍

മെഡിക്കല്‍ കോളേജിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും  പത്രവിതരണമുള്‍പ്പെടെ നിരവധി ജോലികള്‍ ചെയ്താണ് അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം പോറ്റുന്നത്
ലോക്ക്ഡൗണ്‍ ഇളവില്‍ മോഷണം പോയി; 40 കാരന്‍ നെട്ടോട്ടമോടുകയാണ്, തന്റെ സൈക്കിള്‍ കണ്ടെത്താന്‍


കോഴിക്കോട്: പതിനഞ്ചാം വയസ്സില്‍ ജീവിതത്തിന്റെ ഭാഗമായ സൈക്കിള്‍ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ്‌ സന്തോഷ്. ചവിട്ടിയ വഴികളിലെല്ലാം അയാള്‍ തന്റെ  സൈക്കിള്‍   അന്വേഷിച്ച് അലയുകയാണ്. കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിന് മുന്നില്‍നിന്ന് മോഷണംപോയ സൈക്കിള്‍ ആരെങ്കിലും തിരികെ നല്‍കുമെന്ന പ്രതീക്ഷയിലാണ് മാങ്കാവ് മണ്ണിക്കണ്ടി സന്തോഷിന്റെ യാത്ര.

പത്രവിതരണത്തിനായാണ് സന്തോഷ് ആദ്യമായി സൈക്കിള്‍ വാങ്ങിയത്. മെഡിക്കല്‍ കോളേജിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും  പത്രവിതരണമുള്‍പ്പെടെ നിരവധി ജോലികള്‍ ചെയ്താണ് അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം പോറ്റുന്നത്.

എട്ട് വര്‍ഷം മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ താല്‍ക്കാലിക ജീവനക്കാരനായി എത്തിയപ്പോഴും പഴയ സൈക്കിളായിരുന്നു സന്തോഷിന് കൂട്ട്. പഴയത് മാറ്റി ഓഫീസില്‍നിന്ന് പുതിയതൊന്ന് വാങ്ങിനല്‍കി. അതോടെ സന്തോഷിന് സൈക്കിള്‍ ഔദ്യോഗിക വാഹനവുമായി.


തിങ്കളാഴ്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിന് മുന്നില്‍ നിര്‍ത്തിയ സൈക്കിള്‍ തിരിച്ചുവന്നപ്പോള്‍ കണ്ടില്ല. ടൗണ്‍ സ്‌റ്റേഷനില്‍ പരാതിനല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസവും നടന്നാണ് സന്തോഷ് ഓഫീസിലെത്തിയത്. ചെറിയ വരുമാനമുള്ള തനിക്ക് ഉടനെ പുതിയ സൈക്കിള്‍ വാങ്ങിക്കാനാവില്ലെന്നതാണ് സന്തോഷിന്റെ സങ്കടം. തന്റെ കഥയറിഞ്ഞ് സൈക്കിള്‍ കൊണ്ടുപോയവര്‍ തിരികെ നല്‍കുമെന്ന പ്രതീക്ഷയും ഈ നാല്‍പ്പതുകാരന്‍ പങ്കുവയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com