സംസ്ഥാനത്ത് 12 ദിവസത്തിനിടെ 111 സമ്പര്‍ക്കരോഗികള്‍;  ആശങ്ക

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന് ഇന്നും ശമനമില്ല
സംസ്ഥാനത്ത് 12 ദിവസത്തിനിടെ 111 സമ്പര്‍ക്കരോഗികള്‍;  ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന് ഇന്നും ശമനമില്ല. ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ തൃശൂര്‍ ജില്ലയില്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ അടക്കം എട്ടുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 111 ആയി ഉയര്‍ന്നു. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളില്‍ രണ്ടു ദിവസങ്ങള്‍ ഒഴികെ ബാക്കി എല്ലാ ദിവസവും എണ്‍പതിന് മുകളില്‍ രോഗികളുണ്ട്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ മടങ്ങിവരവ് ശക്തമായ സാഹചര്യത്തില്‍ രോഗവ്യാപന തോത് കൂടുമെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കുകൂട്ടിയിരുന്നു. ഉറവിടമറിയാത്ത രോഗബാധ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്നലെ 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്്  ഇതിനിടയില്‍ ദ്രുത പരിശോധനയില്‍ ഇരുപത്തിയഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നുള്ള അനൗദ്യോഗിക വിവരവും പുറത്തുവന്നിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ പരിശോധനയും റിവേഴ്‌സ് ക്വാറന്റീനും ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത്   83 പേര്‍ക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. 62 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.  സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍കോട്് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 17, കുവൈറ്റ് 12, സൗദി അറേബ്യ 4, ഒമാന്‍ 2, മാലിദ്വീപ് 1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര 16, ഡല്‍ഹി 7, തമിഴ്‌നാട് 3, കര്‍ണാടക 2, ആന്ധ്രാപ്രദേശ 1, ജാര്‍ഖണ്ഡ് 1, ജമ്മുകാശ്മീര്‍ 1) വന്നതാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍കോട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com