ഓട്ടോ അയച്ചുനല്‍കി തന്ത്രമൊരുക്കി ; കെണി അറിയാതെ ബിജു കയറിയത് പൊലീസിന്റെ വലയിലേക്ക്

ജേക്കബിന്റെ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജുവുമായി തര്‍ക്കം നിലനിന്നിരുന്നു
ഓട്ടോ അയച്ചുനല്‍കി തന്ത്രമൊരുക്കി ; കെണി അറിയാതെ ബിജു കയറിയത് പൊലീസിന്റെ വലയിലേക്ക്

കോട്ടയം: മുണ്ടക്കയത്ത് ചുമട്ടുതൊഴിലാളി ജേക്കബ് ജോര്‍ജ്ജിനെ എറിഞ്ഞുവീഴ്ത്തി പാറക്കല്ലിനിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയല്‍വാസി ബിജുവിനെ പൊലീസ് വലയിലാക്കിയത് തന്ത്രപൂര്‍വ്വം കെണിയൊരുക്കി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്.

ജേക്കബിന്റെ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജുവുമായി തര്‍ക്കം നിലനിന്നിരുന്നു. പ്രശ്‌നം പൊലീസ് ഇടപെട്ട് രണ്ടുതവണ പരിഹരിച്ചിരുന്നു. ശനിയാഴ്ചയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പരിഹരിച്ച് മടങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം.

ശനിയാഴ്ച വൈകീട്ട് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുംവഴി പ്രതി ബിജു എറിഞ്ഞ് വീഴ്ത്തിയശേഷം നെഞ്ചില്‍ കരിങ്കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിജുവിനെ സുഹൃത്തിന്റെ ഫോണിലൂടെ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ എവിടെയാണുള്ളതെന്ന കൃത്യമായ സ്ഥലം പറഞ്ഞില്ല.

പിന്നീട് തനിക്ക് ഇവിടെനിന്ന് രക്ഷപ്പെടാന്‍ വാഹനം തരപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ട് ബിജു സുഹൃത്തിന്റെ ഫോണിലേക്ക് തിരികെ വിളിച്ചു. ഉടന്‍ പൊലീസ് ഇടപെട്ട് ഓട്ടോറിക്ഷ തരപ്പെടുത്തി ബിജു പറഞ്ഞ സ്ഥലത്തേക്ക് വിട്ടു. വഴിയില്‍ കാത്തുനിന്ന പൊലീസ് ഓട്ടോയില്‍നിന്ന് ബിജുവിനെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ ബിജു കുറ്റം സമ്മതിച്ചു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com