സമ്പർക്ക രോഗവ്യാപനം ഏറുന്നു ; തിരുവനന്തപുരം അടക്കം മൂന്നു ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം,  കടകൾ തുറക്കാൻ പ്രത്യേക ക്രമീകരണം

സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
സമ്പർക്ക രോഗവ്യാപനം ഏറുന്നു ; തിരുവനന്തപുരം അടക്കം മൂന്നു ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം,  കടകൾ തുറക്കാൻ പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റുകളിലും മാളുകളിലും ഇന്ന് മുതൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്തും. ആള്‍ തിരക്ക് ഏറെയുള്ള ചാല, പാളയം തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ ഇന്നുമുതൽ കടകൾ തുറക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുമെന്ന് മേയർ ശ്രീകുമാർ അറിയിച്ചു. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാകും പച്ചക്കറി, പഴം തുടങ്ങിയ കടകള്‍ പ്രവര്‍ത്തിക്കുക. മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നത് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും.അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കരിക്കകം, കടകംപള്ളി വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. ഇതിനിടെ, കട്ടാക്കടയിലെ 10 വാർഡുകളെ കണ്ടെയ്മെമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. 3, 5, 7, 8, 16, 17, 18, 19, 20, 21,  വാർഡുകളാണ് ഒഴിവാക്കിയത്.

ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തും. രോ​ഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമാകും അനുവദിക്കുക. ഓട്ടോ-ടിക്സി വാഹനങ്ങളെ ആശ്രയിക്കുന്നവർ, യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറുടെ പേരും വാഹനനമ്പറും അടക്കമുള്ളവ ശേഖരിച്ച് സൂക്ഷിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിലെ സുരക്ഷാജീവനക്കാരുടെ കാര്യത്തിൽ ആശങ്കയേറി. കോവിഡ് രോഗികളടക്കം ദിവസവും നിരവധി പേരെത്തുന്ന ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കുന്ന ഇവർക്കുള്ളത് പരിമിതമായ സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളതെന്നാണ് ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com