നാളെമുതല്‍ ദിവസവും എത്തുന്നത് 50 വിമാനങ്ങള്‍; പ്രവാസികള്‍ക്ക് സ്വീകരണം അനുവദിക്കില്ല; തയ്യാറാക്കിയിരിക്കുന്നത് 482 വെന്റിലേറ്ററുകള്‍

ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ 72 വിമാനങ്ങളാണ് വിദേശങ്ങളില്‍നിന്ന് എത്തിയത്. നാളെ മുതല്‍ ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലും കോഴിക്കോട്ടുമാണ് കൂടുതല്‍ വിമാനങ്ങള്‍ എത്തുക. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി. പൊലീസിന്റെയും ആരോഗ്യവിഭാഗത്തിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടല്‍ പ്രശംസനീയമാണ്. ഇങ്ങനെ 72 വിമാനങ്ങള്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി എന്നിവ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തില്‍ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുള്ള 29 കോവിഡ് ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെന്റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗികള്‍ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.-മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളിലുള്ള 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 15,975 കിടക്കകള്‍ കുടി സജ്ജമാക്കിയിട്ടുണ്ട്.

സാധ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക എന്നതാണ് സര്‍ക്കാര്‍ സമീപനം. സര്‍ക്കാര്‍ ചെലവില്‍ ടെസ്റ്റിങ്, ക്വാറന്റൈന്‍, ചികിത്സ എന്നിവയ്ക്കായി ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ച ആളുകളുടെ എണ്ണം  ഏപ്രില്‍ 7,561, മെയ് 24,695, ജൂണ്‍ 30,599 എന്നിങ്ങനെയാണ്.

വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയില്‍ ബന്ധുവീടുകള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുവദിക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ പ്രവാസി സഹോദരങ്ങള്‍ വരുമ്പോള്‍ സന്നദ്ധ സംഘടനകളുടെയും മറ്റും പേരില്‍ സ്വീകരിക്കാന്‍ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങുന്നവര്‍ക്ക് വാഹനം തടഞ്ഞുനിര്‍ത്തി വഴിയില്‍ സ്വീകരണം നല്‍കുന്നതും അനുവദിക്കില്ല.

കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാലും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാന്‍ കാലതാമസമുണ്ടാകുന്നു എന്ന പരാതി ശദ്ധയില്‍പ്പെട്ടു അത് ഒഴിവാക്കാന്‍ നടപടിയെടുക്കും. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കും. ഇതില്‍ ഏകീകരണം വരുത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com