സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയം: സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയം: സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണ കേസില്‍ ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണ കേസില്‍ ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ഫീസ് നിര്‍ണയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം പരിഗണിക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷകതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. ഫീസിന്റെ കാര്യത്തില്‍ നിര്‍ണയ സമിതിയുടെതാണ് അന്തിമ തീരുമാനം എന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. 

2016-17, 2017-18, 2018-19 അധ്യയനവര്‍ഷങ്ങളിലേക്ക് ഫീസ് നിര്‍ണയ സമിതി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് കണക്കാക്കിയ ഫീസ് പുനര്‍നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി ആരംഭിച്ചത്. ഇതിനായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ മാസം സ്വകാര്യ മെഡിക്കല്‍ കോളജുകളോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാരും ചില വിദ്യാര്‍ത്ഥികളും സുപ്രീം കോടതിയെ സമീപിച്ചത്. 

കേസുമായി ബന്ധപ്പെട്ട അന്തിമവാദം കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെയും വിദ്യാര്‍ത്ഥികളുടെയും വാദങ്ങള്‍ ഹൈക്കോടതി വിശദമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. 

11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരുന്നു കോളജുകള്‍ ആവശ്യപ്പെട്ട ഫീസ്. നടത്തിപ്പുചെലവ് സംബന്ധിച്ച് കോളജുകള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ഫീസ് നിര്‍ണയ സമിതി നാലരലക്ഷം മുതല്‍ അഞ്ചരലക്ഷം വരെ ആയി ഫീസ് നിശ്ചയിച്ചിരുന്നു. സമിതി നിശ്ചയിച്ച ഫീസ് 2019 ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കോളജുകള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ കൂടി പരിശോധിച്ച ശേഷം വീണ്ടും ഫീസ് നിശ്ചയിക്കണമെന്ന് സമിതിയോട് ഹൈക്കോടതി അവശ്യപെട്ടിരുന്നു. എന്നാല്‍ മുന്‍ നിശ്ചയിച്ച ഫീസ് സമിതി വീണ്ടും ആവര്‍ത്തിച്ചു. ഇതിന് എതിരെ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതി തന്നെ ഫീസ് നിര്‍ണയിക്കാന്‍ നടപടി തുടങ്ങിയത്.

2019 ലെ ഹൈക്കോടതി ഉത്തരവും, സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമത്തിലെ 11 ആം വകുപ്പും പ്രകാരം ന്യായമായ ഫീസ് ആയിരിക്കണം ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കേണ്ടത് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വേണ്ടത്ര ഗൗരവ്വമേറിയ ആലോചനകള്‍ ഇല്ലാതെയാണ് ഫീസ് നിര്‍ണയ സമിതി ഫീസ് നിശ്ചയിച്ചത് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com