ബിവറേജുകൾ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി; വിവാഹച്ചടങ്ങുകൾക്ക് നൂറിൽ കൂടുതൽ പേർ പാടില്ല

കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വിവാഹച്ചടങ്ങുകൾക്ക് നൂറ് പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
ബിവറേജുകൾ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി; വിവാഹച്ചടങ്ങുകൾക്ക് നൂറിൽ കൂടുതൽ പേർ പാടില്ല

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വിവാഹച്ചടങ്ങുകൾക്ക് നൂറ് പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.  വൈറസ് ബാധിച്ചെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരില്‍ പലരും വിവാഹമടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചത്. 

അതേ സമയം സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍ അടച്ചിടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിവറേജസ് കോർപ്പറേഷൻ മദ്യശാലകൾ അടച്ചിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിന് പുറമേ വി എം സുധീരൻ അ‌ടക്കമുളള മറ്റു ചില നേതാക്കളും സമാനമായ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. 

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടിയാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി.

കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ വ്യാപാര മേഖലയില്‍ പ്രതിസന്ധി നിലനിൽക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.വ്യാപാര മേഖല ഏറെക്കുറെ നിര്‍ജീവമായതും തൊഴില്‍ ശാലകളെ ബാധിച്ചതും അതീവ ഗുരുതരമായ പ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നു. സാമൂഹ്യ ജീവിതം അതേരീതിയില്‍ മുന്നോട്ടുപോകണം. ഇതിനോടൊപ്പം രോഗപ്രതിരോധത്തിന്റെ മാര്‍ഗങ്ങളും തേടണമെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി. 

ബസുകള്‍, ടാക്‌സി, ഓട്ടോ അടക്കമുള്ള പൊതു ഗതാഗത സംവിധാനം പ്രയാസം അനുഭവിക്കുന്നു. കെഎസ്ആര്‍ടിസി മാത്രം ഒരുദിവസം കോടിക്കണക്കിന് നഷ്ടമാണ് നേരിടുന്നത്. പ്രൈവറ്റ് ബസുകള്‍ ടാക്‌സ് അടയ്ക്കാനുള്ള സമയപരിധി നീട്ടിനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിനോദ സഞ്ചാര മേഖലയിലും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു ചേര്‍ക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു എന്നത് ശുഭകരമായ കാര്യമാണ്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഇടപെടല്‍ വിജയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിമാനത്താവളങ്ങളില്‍ ആഭ്യന്തര യാത്രക്കാരേയും പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധന നടപടികള്‍ വേഗത്തിലാക്കാന്‍ കൗണ്ടറുകള്‍ വര്‍ദ്ധിപ്പിക്കും. വിമാനത്താവളത്തില്‍ തിക്കും തിരക്കും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com