ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്; ശബരിമല ഉത്സവത്തിന് ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍, തീരുമാനം നാളെ 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തീര്‍ഥാടന കേന്ദ്രങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്; ശബരിമല ഉത്സവത്തിന് ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍, തീരുമാനം നാളെ 

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തീര്‍ഥാടന കേന്ദ്രങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ശബരിമല ഉത്സവത്തിന് ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നാളെ ചേരുന്ന ബോര്‍ഡ് യോഗം അന്തിമ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിലവില്‍ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇതാണ് കടുപ്പിച്ച് നാളെ മുതല്‍ ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ ഗുരുവായൂര്‍ ദേവസ്വം എത്തിയത്. ഭക്തജനങ്ങള്‍ക്ക് പുറമേ ക്ഷേത്ര ജീവനക്കാരും ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടതില്ല എന്ന തീരുമാനമാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. മേല്‍ശാന്തിയും സഹായത്തിന് മൂന്നോ നാലോ പേരും മാത്രം ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ മതിയെന്നാണ് തീരുമാനം. തിരുപ്പതി, പഴനി, മധുര തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങള്‍ സ്വീകരിച്ച നടപടികള്‍ അതേപോലെ പിന്തുടരുകയാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 

ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ, ചോറൂണ്ണ്, ഉദയാസ്തമന
പൂജ, വാഹനപൂജ, വിവാഹം, കൃഷ്ണനാട്ടം എന്നിവയും നടത്തേണ്ടതില്ല എന്നാണ് ദേവസ്വം തീരുമാനം. ആചാരപ്രകാരമുളള ചടങ്ങുകള്‍ മാത്രമാണ് നടത്തുക. എത്ര നാളത്തേയ്ക്കാണ് നിയന്ത്രണം എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ദേവസ്വം ബോര്‍ഡ് തീരുമാനം നടപ്പാക്കുന്നതിന് കൂടുതല്‍ പൊലീസ് ക്ഷേത്രത്തില്‍ വിന്യസിക്കും.

അതേസമയം ശബരിമല ക്ഷേത്രത്തിലും ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ പോകുകയാണ്. രോഗവ്യാപനം തടയുന്നതിന് ഉത്സവത്തിന് ക്ഷേത്രം തുറക്കുമ്പോള്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പത്തനംതിട്ട ജില്ലാ കളക്ടറുടെയും ആരോഗ്യവകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍്ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശത്തില്‍ തീരുമാനം എടുക്കാന്‍ നാളെ ബോര്‍ഡ് യോഗം ചേരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു. മാര്‍ച്ച് 28 നാണ് ശബരിമലയില്‍ ഉത്സവം തുടങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com