ചരക്കുലോറിയിലെത്തിയ ബന്ധുവിനെ കാറിൽ വീട്ടിലെത്തിച്ചു, സിപിഎം നേതാവിനും കുടുംബത്തിനും കോവിഡ് ; ജില്ലാ ആശുപത്രി കാൻസർ വാർഡിൽ അടക്കം നേതാവ് സന്ദർശിച്ചു, ആശങ്ക

മഹാരാഷ്ട്രയിൽനിന്ന് മേയ് നാലിനാണ് നിയമാനുസൃതമല്ലാത്ത വഴിയിലൂടെ ചരക്കുലോറിയിൽ നേതാവിന്റെ അടുത്ത ബന്ധു അതിർത്തി കടന്ന് എത്തിയത്
ചരക്കുലോറിയിലെത്തിയ ബന്ധുവിനെ കാറിൽ വീട്ടിലെത്തിച്ചു, സിപിഎം നേതാവിനും കുടുംബത്തിനും കോവിഡ് ; ജില്ലാ ആശുപത്രി കാൻസർ വാർഡിൽ അടക്കം നേതാവ് സന്ദർശിച്ചു, ആശങ്ക

കാസർകോട്: മഹാരാഷ്ട്രയിൽ നിന്ന് നിയമാനുസൃതമല്ലാത്ത വഴിയിലൂടെ എത്തിയ അടുത്ത ബന്ധുവിനെ സ്വീകരിച്ച സിപിഎം നേതാവിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. കാസർകോട്ടെ സിപിഎം  പ്രാദേശിക നേതാവിനും ഭാര്യയ്ക്കും എട്ടും പത്തും വയസ്സുള്ള  രണ്ടുമക്കൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നേതാവിന്റെ ഭാര്യ പൈവളിഗെ ​ഗ്രാമപഞ്ചായത്ത് അം​ഗവുമാണ്.  

മഹാരാഷ്ട്രയിൽനിന്ന് മേയ് നാലിനാണ് നിയമാനുസൃതമല്ലാത്ത വഴിയിലൂടെ ചരക്കുലോറിയിൽ നേതാവിന്റെ അടുത്ത ബന്ധു അതിർത്തി കടന്ന് എത്തിയത്. അദ്ദേഹത്തെ കാറിൽ കയറ്റി നേതാവ് വീട്ടിൽ എത്തിക്കുകയായിരുന്നു. രോഗലക്ഷണം കാണിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച ബന്ധുവിന് 11-ാം തീയതി രോഗബാധ സ്ഥിരീകരിച്ചു. തുടർന്ന് നിരീക്ഷണത്തിൽപ്പോയ നേതാവിന്റെയും ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം വ്യാഴാഴ്ച പോസിറ്റീവാണെന്ന് വ്യക്തമാകുകയായിരുന്നു.

നേതാവ് ഈ കാലയളവിൽ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അർബുദരോഗിയെ സന്ദർശിച്ചു. അവിടത്തെ കാൻസർ വാർഡ്, ലാബ്, എക്‌സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിച്ചു. അടുത്തിടെ അന്തരിച്ച മുൻ സി.പി.എം.നേതാവിന്റെ ശവസംസ്കാരച്ചടങ്ങിലും രോഗം സ്ഥിരീകരിച്ച സിപിഎം നേതാവ് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചായത്തംഗമായ നേതാവിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാനും വെള്ളിയാഴ്ച സ്രവപരിശോധനയ്ക്ക് എത്താനും ആരോഗ്യ വകുപ്പധികൃതർ നിർദേശിച്ചിട്ടുണ്ട്. മുംബൈയിൽ കോവിഡ് രോഗികൾ ഏറെയുള്ള പ്രദേശത്തുനിന്നാണ് നേതാവിന്റെ അടുത്ത ബന്ധു നാട്ടിലെത്തിയത്. അത് അറിയാമായിരുന്നിട്ടും സർക്കാർ നിർദേശങ്ങൾ നേതാവ് ലംഘിക്കുകയായിരുന്നു എന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com